ജില്ലാപഞ്ചായത്ത് യോഗം റോഡുകൾ നന്നാക്കാത്തതിൽ രൂക്ഷ വിമർശം

കാസർകോട്
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്‌ച വരുത്തിയതിനെതിരെ ജില്ലാപഞ്ചായത്ത് യോഗത്തിൽ രൂക്ഷ വിമർശം. പൊതുമരാമത്ത് സ്‌റ്റാൻഡിങ്് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയിൽ ജോസ് പതാലിലാണ് ജില്ലാ പഞ്ചായത്ത് റോഡുകളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയത്. പ്രസിഡന്റ് എ ജി സി ബഷീർ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ കരാറുകാരോട് കാണിക്കുന്ന മൃദുസമീപനമാണ് റോഡ് അറ്റകുറ്റപ്പണികൾ നീളാൻ കാരണമെന്ന് പതാലിൽപറഞ്ഞു. രണ്ട് തവണ സ്‌പിൽ ഓവറായ റോഡ് പണിവരെ നീളുകയാണ്. നാനൂറോളം എൽഎസ്‌ജിഡി പദ്ധതികൾ അവതാളത്തിലാണ്.
കയ്യൂർ‐ചീമേനി പഞ്ചായത്തിലെ ചെറുവപ്പാടി‐ കുണ്ട്യം റോഡിന്റെ പ്രവൃത്തി ഏറ്റെടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞു. ഡിപിസി യോഗത്തിൽ ഉൾപ്പെടെ ഇത് വലിയ ചർച്ചയായതാണ്. രണ്ട് തവണ സ്‌പിൽ ഓവറായിട്ടും കരാറുകാരൻ പണി തുടങ്ങിയിട്ടില്ല. 35 ലക്ഷത്തിനുള്ള റോഡ് അറ്റകുറ്റപ്പണിക്കായിരുന്നു കരാർ. എന്നാൽ കരാറുകാരൻ രണ്ടുവർഷമായിട്ടും പണി ഏറ്റെടുത്തിട്ടില്ല. അടിയന്തരമായി ഇടപെടുന്നില്ലെങ്കിൽ ജില്ലാപഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും പതാലിൽ വ്യക്തമാക്കി. ജില്ല പഞ്ചായത്ത് റോഡുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പത്തിനകം ചെറുപ്പാടി‐ കുണ്ട്യം റോഡിന്റെ പണി തുടങ്ങുന്നിെല്ലങ്കിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്‌ത് പുതിയ ടെൻഡർ ക്ഷണിക്കാൻ യോഗം തിരുമാനിച്ചു. മെക്കാഡം ടാറിങിന്റെ ഒന്നാംഘട്ടം പണി പൂർത്തിയാവുന്ന ഘട്ടത്തിൽ രണ്ടാംഘട്ടത്തിന്റെ കുഴി അടക്കാനുള്ള പ്രവൃത്തി നടത്താനും തീരുമാനമായി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കൂട്ടാൻ തീരുമാനിച്ചു. പ്രളയ ദുരന്തത്തിന്റെ ഭാഗമായി സർക്കാർ നിർദേശിച്ചതിനനുസരിച്ചാണ് ഇത് വർധിപ്പിക്കുന്നത്. നിലവിൽ 27,51,329 തൊഴിൽ ദിനങ്ങളാണുള്ളത്. അത് 41,14591 ആക്കി വർധിപ്പിക്കും. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ട്രോമ കെയർ യൂണിറ്റിലെ പബ്ലിങ് പണിക്ക് ഒന്നര ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അനുവദിക്കും. 2019‐20 വർഷത്തെ പദ്ധതി രൂപീകരണം ഡിസംബറിൽ പൂർത്തിയാക്കും. ലോകസഭ തെരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുന്നേ പദ്ധതികൾ അംഗീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ജനപ്രതിനിധികളുടെ സംയുക്ത യോഗം വിളിക്കും.
യോഗത്തിൽ പ്രസിഡന്റ് എ ജി സി ബഷീർ അധ്യക്ഷനായി. ശാന്തമ്മ ഫിലിപ്പ്(ധനകാര്യം),അഡ്വ. എ പി ഉഷ(ക്ഷേമം), ഫരീദ സക്കീർ അഹമ്മദ്(പൊതുമരാമത്ത്) എന്നിവർ സ്ഥിരം സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വി പി പി മുസ്‌തഫ,ഷാനവാസ് പാദൂർ , ജില്ല പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ എന്നിവർ സംസാരിച്ചു.









0 comments