ഫുട്‌ബോൾ കളിച്ചുനേടിയത് 2 ലക്ഷം രൂപ

വെള്ളരിക്കുണ്ട്
നിഖിലിനു വേണ്ടി അവർ കളിച്ചുനേടിയത് രണ്ടുലക്ഷത്തോളം രൂപ. വാട്സ് ആപ്പിലും ഫേസ് ബുക്കിലും അഭിരമിക്കുന്ന യുവത്വങ്ങളിൽനിന്ന് വ്യത്യസ്തമായി പെരിയങ്ങാനത്ത് കേവലം മൂന്നു ആഴ്ച മുമ്പ് രൂപപ്പെട്ട ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മ പ്രിയ കൂട്ടുകാരൻ നിഖിലിനു വേണ്ടി നടത്തിയ ജില്ലാതല സെവൻസ് ഫുട്ബോൾ മത്സരം വഴിയാണ് ഇത്രയും രൂപ സമാഹരിച്ചത്.
മികച്ച വോളിബോൾ താരമായ നിഖിൽ നട്ടെല്ലിന് അർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്. സാമ്പത്തിക പരാധീനതകൾക്കിടയിൽ ബുദ്ധിമുട്ടുന്ന കുടുംബത്തെ തങ്ങളാൽ ആവുംവിധം സഹായിക്കാൻ ഇറങ്ങിത്തിരിച്ച കളിക്കൂട്ടുകാർക്ക് ലഭിച്ച പ്രതികരണം അമ്പരപ്പ് ഉളവാക്കുന്നതായിരുന്നു. സാധാരണ ഗതിയിൽ 20ൽ താഴെ ടീമുകളുടെ പങ്കാളിത്തം ഉണ്ടാകേണ്ടയിടത്ത് നിഖിലിന് വേണ്ടി ബൂട്ടുകെട്ടിയത് 80 ഓളം ടീമുകൾ. വലിയൊരു ജനാവലി തന്നെ കാണികളായും എത്തി. അത്യന്തം വാശിയേറിയ മത്സരങ്ങളുടെ അവസാന റൗണ്ട് അടുത്ത ഞായറാഴ്ച നടക്കും.
ടൂർണമെന്റിന്റെ സമാപന സമ്മേളനം കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായത്തിന്റെ ആദ്യ ഗഡുവായി 1,75,000 രൂപ നിഖിലിന്റെ അച്ഛൻ ബാലകൃഷ്ണന് ഡിവൈഎസ്‌പി കൈമാറി. പ്രവാസി കൂട്ടായ്മയുടെ 35000 രൂപയും നൽകി. പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല മുഖ്യാതിഥിയായി.റാഷിദ് പെരിയങ്ങാനം അധ്യക്ഷനായി. സന്തോഷ് ട്രോഫി താരം കെ പി രാഹുൽ, എസ്ഐ പി നാരായണൻ, കെ കെ നാരായണൻ, പഞ്ചായത്തംഗങ്ങളായ എൻ സിന്ധു, ലിസി വർക്കി, എം വി രതീഷ്, ഹരീഷ്കുമാർ, സി ദിനേശൻ എന്നിവർ സംസാരിച്ചു. ഷോബി ഫിലിപ്പ് സ്വാഗതവും ടി സുധീഷ് ബാബു നന്ദിയും പറഞ്ഞു.









0 comments