പിവിസിയുടെ വധഭീഷണി ആരോപണം പ്രതിഷേധം വഴിതെറ്റിക്കാൻ

കാസർകോട്
തനിക്ക് വധഭീഷണിയുണ്ടെന്ന കേന്ദ്ര സർവകലാശാല പ്രൊ‐ വൈസ് ചാൻസലർ ഡോ. കെ ജയപ്രസാദിന്റെ ആരോപണം വിദ്യാർഥി‐ അധ്യാപക വേട്ടക്കെതിരായ പ്രതിഷേധം വഴിതെറ്റിക്കാൻ. സർവകലാശാലയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം പിവിസിയുടെ തെറ്റായ നടപടിയുടെ ഫലമാണ്. ഇതിൽനിന്ന് തലയൂരാനാണ് വധഭീഷണിയെന്ന ആയുധവുമായി ജയപ്രസാദ് രംഗത്ത് വന്നത്.
സർവകലാശാലയ്‌ക്ക് അകത്തും പുറത്തും നവ മാധ്യമങ്ങളിലും ഉയരുന്ന പ്രതിഷേധം അധികാരികൾക്ക് താങ്ങാനാവുന്നില്ല. നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ വിദ്യാർഥികളെയും അധ്യാപകരെയും പുറത്താക്കാൻ കച്ചകെട്ടിയിറിങ്ങിയ വിസിക്കും പിവിസിക്കുമെതിരെയുള്ള ജനരോഷം വൻ ബഹുജന പ്രക്ഷോഭമായി വളരുന്നതിന്റെ ആശങ്കയിൽനിന്നാണ് ജയപ്രസാദിന്റെ വധഭീഷണി ആരോപണം.
അനധികൃതമായി കേന്ദ്ര സർവകലാശാലയിൽ കയറിപ്പറ്റി പിവിസി സ്ഥാനം നേടിയ ജയപ്രസാദ് അധികാര ദുർവിനിയോഗത്തിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും അനഭിമതനായി മാറിയിരിക്കുകയാണ്. സ്ഥാനം നിലനിർത്താൻ സർവകലാശാലയെ കാവിവൽകരിക്കാനുള്ള ശ്രമത്തിലാണ് പിവിസി. ഇയാൾക്കെതിരേ ബിജെപിയിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇദ്ദേഹം കേന്ദ്ര സർവകലാശാലയിൽ സ്ഥിരം നിയമനം നേടിയത് അവിഹിത മാർഗത്തിലൂടെയാണെന്ന് ഹൈക്കോടതിയിൽ പരാതി നൽകിയത് ബിജെപി പ്രവർത്തകരാണ്.
ആർഎസ്‌എസ്സിനെ സംബന്ധിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയതൊഴിച്ചാൽ സംഘടനയോട് ഇയാൾക്ക് ഒരു പ്രതിബദ്ധതയുമില്ലെന്നാണ് ഒരു വിഭാഗം ബിജെപിക്കാരുടെ ആരോപണം. ഉന്നത സ്ഥാനം കരസ്ഥമാക്കാൻ ആർഎസ്‌എസ്സിനെ ചട്ടുകമാക്കുകയാണെന്നാണ് ഇവരുടെ പക്ഷം. കേന്ദ്ര സർവകലാശാലയിൽ സ്വന്തക്കാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റുന്ന ജയപ്രസാദിനെ അംഗീകരിക്കാനാവില്ലെന്നും ഇവർ പാർടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പിവിസിക്ക് ഏറ്റവും കൂടുതൽ ഭീഷണി ബിജെപിക്കിടയിൽനിന്നാണ്. ബിജെപിക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജയപ്രസാദിനെതിരെ രൂക്ഷ വിമർശം ഉയർന്നത്. മുൻ രജിസ്‌ട്രാർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറയുന്ന പിവിസിക്ക് ബിജെപി പ്രവർത്തകർക്കെതിരെയും ഇതേ നടപടിയെടുക്കാം. എന്നാൽ ബേക്കൽ പൊലീസിലും ജില്ലാപൊലീസ് മേധാവിക്കും കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിനും യുജിസിക്കും നൽകിയ വധഭീഷണി പരാതിയിൽ ബിജെപി പ്രവർത്തകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.









0 comments