കാസർകോട്‌ നഗരസഭ ജോലിക്കെത്തിയ വനിതാ ഓവർസിയർക്ക്‌ സീറ്റില്ലെന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2018, 06:12 PM | 0 min read

 കാസർകോട്‌

ചീഫ്‌ എൻജിനിയറുടെ ഉത്തരവിന്റെ സ്‌റ്റേ കാലാവധി കഴിഞ്ഞ്‌ തിരിച്ച്‌ ജോലിക്കെത്തിയ വനിതാ ഓവർസിയർക്ക്‌ സീറ്റില്ലെന്ന്‌ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ. കാസർകോട്‌ നഗരസഭയിലെ ഓവർസിയർ സി എസ്‌ അജിതയ്‌ക്കാണ്‌ ഈ അനുഭവം. 
അജിതയെ സസ്‌പെൻഡ്‌ ചെയ്‌ത നഗരസഭ നടപടി  ചീഫ്‌ എൻജിനിയർ റദ്ദാക്കിയിരുന്നു. ഇതിനെതിരെ  നഗരസഭ ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങി.  ഇതിന്റെ കാലാവധി കഴിഞ്ഞതിനാൽ  വെള്ളിയാഴ്‌ച ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ്‌  മൂന്നാംഗ്രേഡ്‌ ഓവർസിയറുടെ ഒഴിവില്ലെന്നു പറഞ്ഞ്‌ തിരിച്ചയച്ചത്‌. നീലേശ്വരം നഗരസഭയിൽ ജോലിചെയ്‌തിരുന്ന വനിതാ ഓവർസിയറെ മാസങ്ങൾക്ക്‌ മുന്പ്‌  കാസർകോടേക്ക്‌ മാറ്റിയിരുന്നു. എന്നാൽ ഇവർ യഥാസമയം   ചുമതലയേറ്റില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോൾ ഈ ഒഴിവിൽ  പിഎസ്‌സി വഴി നിയമനമുണ്ടായി.  അജിതയെ സസ്‌പെൻഡ്‌ ചെയ്‌തത്‌ ഏകപക്ഷീയ നടപടിയാണെന്ന്‌ ബോധ്യമായതിനെ തുടർന്ന്‌  ചീഫ്‌ എൻജിനിയർ റദ്ദാക്കിയതിനാൽ തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ രണ്ട്‌ ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽനിന്ന്‌  ഉത്തരവിന്‌ നഗരസഭ സ്‌റ്റേ വാങ്ങി. സ്‌്റ്റേ കാലാവധിയായതോടെ,  ഭരണസമിതിയും മേലുദ്യോഗസ്ഥരും കൂടിയാലോചിച്ച്‌ ഏതുവിധേനയും അജിതയെ കാസർകോടുനിന്ന്‌  ഒഴിവാക്കാൻ ഗൂഢപദ്ധതിയൊരുക്കി.
ഇതേ തുടർന്ന്‌ നീലേശ്വരത്തുനിന്നുള്ള ഓവർസിയർക്ക്‌ ഒഴിവില്ലാതിരുന്നിട്ടും നിയമനം നൽകി. ഒഴിവില്ലെന്ന വിവരം ചീഫ്‌ എൻജിനിയറെ അറിയിക്കാതെ ഭരണസമിതിയും അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയറും ചേർന്നാണ്‌ ഇവരെ നിയമിച്ചത്‌.  സ്‌റ്റേ കാലാവധി കഴിഞ്ഞെത്തുന്ന അജിതയെ ചീഫ്‌ എൻജിനിയറുടെ ഉത്തരവ്‌ ചൂണ്ടിക്കാട്ടി നഗരസഭയിൽനിന്ന്‌ ഒഴിവാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ. നഗരസഭാ നടപടി ചീഫ്‌ എൻജിനിയർ റദ്ദാക്കിയതിരെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആദ്യം രണ്ടുമാസത്തേക്കും പിന്നീട്‌ 15 ദിവസത്തേക്കും ഉത്തരവ്‌ സ്‌റ്റേ ചെയ്‌തു. നഗരസഭയുടെ നടപടി ചോദ്യം ചെയ്‌ത്‌ സർക്കാരിനൊപ്പം അജിതയും ഹൈക്കോടതിയെ സമീപിച്ചു. 
നഗരസഭയിലെ  അഴിമതികൾക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നതാണ്‌ ഭരണസമിതിയും ചില ഉദ്യോഗസ്ഥരും അജിതയ്‌ക്കെതിരാകാൻ കാരണം.  പത്തുവർഷത്തിനുള്ളിൽ കോടിക്കണക്കിന്‌ രൂപയുടെ ക്രമക്കേടുകളാണ്‌ നഗരസഭയിൽ നടന്നത്‌. ഇത്തരത്തിലുള്ള നിരവധി പദ്ധതികളുടെ പണം കരാറുകാർക്ക്‌ നൽകാനുണ്ടെന്നിരിക്കെ ഈ ബില്ലുകളിൽ ഒപ്പിടാൻ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ തപ്പിനടക്കുകയാണ്‌ മുസ്ലിംലീഗ്‌ നേതൃത്വത്തിലുള്ള ഭരണസമിതി. കൂട്ടുകച്ചവടത്തിന്റെ പങ്ക്‌ പറ്റുന്നതിനാൽ ഇവർക്കാവശ്യമായ എല്ലാവിധ പിന്തുണയും പ്രധാന പ്രതിപക്ഷമായ ബിജെപി നൽകുന്നുണ്ട്‌. അജിത തിരികെ ജോലിയിൽ പ്രവേശിച്ചാൽ തങ്ങളുടെ ലക്ഷ്യങ്ങൾ നടക്കില്ലെന്ന തിരിച്ചറിവ്‌ ഭരണസമിതിയെയും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്‌.  
സ്‌റ്റേ കാലാവധി കഴിഞ്ഞതിനാൽ വെള്ളിയാഴ്‌ച രാവിലെ നഗരസഭയിലെത്തി ജോലിയിൽ ഹാജരാകുന്നതിനായി കത്ത്‌ നൽകിയപ്പോഴാണ്‌  ഒഴിവില്ലെന്ന്‌ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചത്‌. നിലവിലുള്ള ജീവനക്കാരിക്ക്‌ സ്ഥലംമാറ്റം നൽകിയിട്ടില്ലെന്നിരിക്കെ  ഇല്ലാത്ത ഒഴിവിലേക്കാണ്‌ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ നിയമനം നടത്തിയത്‌. ചീഫ്‌ എൻജിനിയർ ഉത്തരവിറക്കുമ്പോൾ ഒഴിവുണ്ടായിരുന്ന തസ്‌തികയിൽ പിഎസ്‌സി വഴി മറ്റൊരാൾക്ക്‌ നിയമനം നൽകിയതിനാൽ  സ്ഥലംമാറ്റം വാങ്ങിയെത്തിയ ജീവനക്കാരിയോട്‌ നിലവിൽ ഒഴിവില്ലെന്ന്‌ അറിയിക്കേണ്ടതായിരുന്നു. ഇക്കാര്യം ചീഫ്‌ എൻജിനിയറെയും അറിയിക്കേണ്ടതാണ്‌. എന്നാൽ ചീഫ്‌ എൻജിനിയറെ അറിയിക്കാതെ അജിതയെ മാറ്റിനിർത്താനുള്ള ഗൂഢലക്ഷ്യത്തോടെ ഭരണസമിതിയുമായി ഒത്തുകളിച്ച അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, സ്ഥലംമാറിയെത്തിയ ജീവനക്കാരിക്ക്‌ നിയമനം നൽകുകയായിരുന്നു. ചീഫ്‌ എൻജിനിയറെ വിവരങ്ങൾ അറിയിക്കാത്തതിനും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌.  
 


deshabhimani section

Related News

View More
0 comments
Sort by

Home