ഉദുമയിൽ ലോറി ഇടിച്ച് തകർന്ന റെയിൽവേ മേൽപാലം നന്നാക്കുന്നില്ല

ഉദുമ
ലോറിയിടിച്ച് തകർന്ന കളനാട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ സുരക്ഷ മതിൽ മൂന്നാഴ്ചയായിട്ടും നന്നാക്കിയില്ല. കഴിഞ്ഞ നാലാം തീയതി പുലർച്ചെയാണ് മഹരാഷ്ട്രയിൽ നിന്ന് കൊച്ചി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അമിതവേഗതയിൽ വന്ന് കാഞ്ഞങ്ങാട് കെഎസ്ടിപി പാതയിലെ കളനാട് ഓവർ ബ്രിഡ്ജിന്റെ സുരക്ഷ മതിൽ തകർത്തത്. ഒരു ലോറി കടന്നു പോകാവുന്ന തരത്തിൽ മതിൽ തകർന്നു.
നൂറുകണക്കിന് പേർ നടന്നു പോകുന്ന നടപാതയിൽ നിന്ന് കണ്ണൊന്നു തെറ്റിയാൽ, കാലൊന്ന് ഇടറിയാൽ ചെന്ന് പതിക്കുന്നത് എത്രയോ അടി താഴ്ചയിൽ റെയിൽവെ ട്രാക്കിലായിരിക്കും. ആയിരകണക്കിന് വാഹനങ്ങൾ 24 മണിക്കൂറും ചീറി പായുന്ന കെഎസ്ടി.പി റോഡിലെ ബ്രിഡ്ജിന്റെ അവസ്ഥയാണിത്.നടന്നു പോകുന്നവർ വീഴാതെ താൽകാലിക സംരക്ഷണ വേലിയെങ്കിലും പണിയാൻ അധികൃതർക്ക് തോന്നിയിട്ടില്ല. ലോറി ഉടമസ്ഥരോട് 75000 രൂപ നഷ്ടപരിഹാരം വാങ്ങിയെന്നറിയുന്നു. പിന്നെ എന്താണ് പണി തുടങ്ങാൻ തടസ്സമെന്ന് നാട്ടുകാർ ചോദിക്കുന്നു.









0 comments