മേലാങ്കോട്ട് സ്‌കൂൾ നവീകരിക്കാൻ 2.5 കോടി

കാഞ്ഞങ്ങാട്
മേലാങ്കോട്ട് എ സി കണ്ണന്‍നായര്‍ സ്മാരക ഗവ. യുപി സ്‌കൂളിന്റെ മുഖം മാറ്റാന്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 2.5 കോടി രൂപ അനുവദിച്ചു. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി കെട്ടിടനിർമാണത്തിനായി സമര്‍പ്പിച്ച രൂപരേഖയ്ക്കാണ് കഴിഞ്ഞദിവസം ഭരണാനുമതി ലഭിച്ചത്. അവധി ദിനങ്ങളും രാത്രി സമയങ്ങളും ഉപയോഗപ്പെടുത്തി സ്‌കൂളിലും പ്രാദേശിക കേന്ദ്രങ്ങളിലും പഠനനിലവാരം ഉയര്‍ത്താനുള്ള വിജയമന്ത്രം, ഹരിത പട്ടാളം തുടങ്ങിയ വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുതന്നെ മാതൃകയായ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍കൂടി മെച്ചപ്പെടുന്നതിലൂടെ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ കെട്ടും മട്ടും അടിമുടി മാറും.
അന്താരാഷ്ട വിദ്യാലയങ്ങളോട് കിടപിടിക്കുന്ന ഭൗതിക അക്കാദമിക സംവിധാനങ്ങളൊരുക്കി സ്‌കൂള്‍ ഹൈടെക്കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടയിലാണ് വിദ്യാലയ ചരിത്രത്തിലാദ്യമായി ഇത്രയും വലിയ വികസന പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
താഴത്തെ നിലയില്‍ 1500 പേര്‍ക്ക് ഇരിക്കാവുന്ന ഹാളും മുകളില്‍ അഞ്ച് ക്ലാസ് മുറികളും ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ചേര്‍ന്നതാണ് പുതിയ കെട്ടിട സമുച്ചയം. ഇതിനുപുറമെ അത്യാധുനിക രീതിയിലുള്ള ലൈബ്രറിയും പണിയും.
1923ല്‍ ബല്ല ഗവ. എല്‍പി സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങിയ വിദ്യാലയം 1980ലാണ് യുപിയായി ഉയര്‍ത്തിയത്. ഉത്തരമലബാറിലെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം വഹിച്ച സ്വാതന്ത്ര്യസമര സേനാനി എ സി കണ്ണന്‍ നായരുടെ നാമധേയത്തിലാണ് 2005 മുതല്‍ ഈ വിദ്യാലയം അറിയപ്പെടുന്നത്. റവന്യു മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് മുഴുവന്‍ ക്ലാസുകളിലും ടച്ച് സ്‌ക്രീനും ലാപ്‌ടോപ്പും എല്‍സിഡി പ്രോജക്ടറും സ്ഥാപിക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ മെച്ചപ്പെട്ട ലബോറട്ടറിയോ കളിസ്ഥലമോ അടുക്കളയോ ഡൈനിങ് ഹാളോ ഇല്ല. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്റെയും സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കൂടിയായ അഡ്വ. പി അപ്പുക്കുട്ടന്റെയും പരിശ്രമ ഫലമായാണ് വിദ്യാലയ വികസനത്തിന് ഇത്രയും വലിയ തുക അനുവദിച്ചത്.









0 comments