കേന്ദ്രസംഘം പരിശോധന തുടങ്ങി പൂടങ്കല്ല് താലൂക്ക്‌ ആശുപത്രി ദേശീയ നിലവാരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2018, 06:24 PM | 0 min read

രാജപുരം
പൂടങ്കല്ല് താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായി  കേന്ദ്ര സംഘം പരിശോധന തുടങ്ങി. അഖിലേന്ത്യാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന താലൂക്ക് ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിശോധനയാണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ ലഖ്‌നോയിലെ ഡോ. അജയ് ശങ്കര്‍ തിരുപതി, ഹിമാചല്‍ പ്രദേശിലെ മൈക്രോ ബയോളജി വിഭാഗത്തിലെ  അസി.  പ്രൊഫസര്‍ സുനന്ദ എ ജേജു എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. 
 ആശുപത്രിയുടെ ഭൗതിക സാഹചര്യം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം, ഫാര്‍മസി സൗകര്യങ്ങള്‍, കെട്ടിട സൗകര്യങ്ങള്‍, രോഗികളുടെ എണ്ണം, ചികില്‍സ രീതി, പരിശോധന ലാബ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം എന്നിവയെ കുറിച്ച് കൃത്യമായി പരിശോധന നടത്തും, മൂന്നുദിവസമാണ്‌ പരിശോധന. തുടർന്ന്‌ റിപ്പോർട്ട്‌  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമോ എന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന്റെ മുന്നില്‍ എത്തുന്നതോടെയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക. 
2017‐18 വര്‍ഷത്തെ  കായകല്‍പ്പ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്  മികച്ച സിഎച്ച്സിയായി പൂടങ്കല്ല് ആശുപത്രിയെ തെരഞ്ഞെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതോടെയാണ് ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള യോഗ്യത പട്ടികയില്‍ പൂടങ്കല്ല് താലൂക്ക് ആശുപത്രി ഉള്‍പ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എഴ് പഞ്ചായത്തുകള്‍ക്ക് ഏറെ സഹായകരമായ ഈ താലൂക്ക് ആശുപത്രി മലയോര ജനതയുടെ ഏക സര്‍ക്കാര്‍ ആശുപത്രിയാണ്. ഡെങ്കി പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടർന്നുപിടിക്കുന്ന ഈ പ്രദേശത്തെ താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും മറ്റും ഏറെ സഹയകരമാകുന്നതോടൊപ്പം മലയോരത്തിന്റെ വികസനത്തിന്  പൊൻവെളിച്ചമാകും.  
വ്യാഴാഴ്ച്ച രാവിലെ ആശുപത്രിയില്‍ എത്തിയ സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി സുധാകരന്‍, എം വേണുഗോപാലന്‍, പഞ്ചായത്ത് സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയര്‍മാന്‍ പെണ്ണമ്മ ജെയിംസ്, രേഖ, ഡോ.  സി സുകു, അമിജിത്ത് കുട്ടി, പി കുഞ്ഞികൃഷ്ണന്‍ നായര്‍, എം വേണുഗോപാലന്‍, ഡോ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home