ചുവന്ന ബാഗ് കൊണ്ട്‌ വരരുതെന്ന്‌ കാസർകോട്‌ ഗവ. കോളേജിൽ എംഎസ്‌എഫുകാർ വിദ്യാർഥിയെ ആക്രമിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2018, 06:09 PM | 0 min read

കാസർകോട്‌
കാസർകോട്‌ ഗവ. കോളേജിൽ ചുവന്ന ബാഗ്‌  കൊണ്ടുവന്നതിന്‌  വിദ്യാർഥിയെ  എംഎസ്‌എഫുകാർ ആക്രമിച്ചു.  ഒന്നാം  വർഷ  രസതന്ത്രം വിദ്യാർഥി  ശ്രീരൂപി (19)നെയാണ്‌  ആക്രമിച്ചത്‌. വ്യാഴാഴ്ച  രാവിലെ  പത്തരയോടെയാണ്  സംഭവം.  ക്ലാസിലേക്ക്‌ പോകുന്നതിനിടയിൽ ഷെബീബ്. സിദിഖ്. അറഫാത്ത്. ആഷിഖ് എന്നിവരുടെ  നേതൃത്വത്തിൽ  പത്തോളം എംഎസ്‌എഫുകാർ ശ്രീരൂപിനെ തടഞ്ഞു.  ചുവന്ന ബാഗ്‌ കൊണ്ടുവന്നന്നത്‌ ചോദ്യം ചെയ്‌തു. തുടർന്ന്‌ മർദിച്ചു. ഇനിമുതൽ  ചുവന്ന  ബാഗ്‌ കോളേജിൽ  കൊണ്ടുവന്നാൽ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തി. പരിക്കേറ്റ ശ്രീരൂപിനെ  കാസർകോട്‌ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബാലസംഘം ബേഡകം ഏരിയാ സെക്രട്ടറിയാണ്‌ ശ്രീരൂപ്‌. എംഎസ്‌എഫ്‌ പ്രവർത്തകർക്കെതിരെ കാസർകോട്‌  പൊലീസ്‌ കേസെടുത്തു. 
 അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ കാസർകോട്‌ ഏരിയാ സെക്രട്ടറി കെ എച്ച്‌ സവാദ്‌ ആവശ്യപ്പെട്ടു.   പുറത്ത്‌ നിന്നുള്ളവരുടെ സഹായത്തോടെ ഗവ. കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ അക്രമിച്ച്‌ പ്രവർത്തനം നിർജീവമാക്കാനാണ്‌ എംഎസ്‌എഫ്‌ ശ്രമം. വിദ്യാർഥികൾ ബഹുഭൂരിപക്ഷവും എസ്‌എഫ്‌ഐയെ  പിന്തുണക്കുന്നതാണ്‌ ഇവരെ വിറളി പിടിപ്പിക്കുന്നത്‌.  അക്രമികളിൽ   നിരവധി കേസുകളിൽ പ്രതികളായവരുമുണ്ട്‌. കോളേജിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഇവരെ അടക്കി നിർത്താൻ എംഎസ്‌എഫ്‌ ജില്ലാ നേതൃത്വം തയ്യാറാകണം. അക്രമികൾക്കെതിരെ കോളേജ്‌ അധികൃതരും നടപടിയെടുക്കണം.  
ഗവ.  കോളേജിലെ എംഎസ്‌എഫ്‌ കാടത്തം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ കാസർകോട്‌  ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം വർഷ വിദ്യാർഥിയും ബാലസംഘം ബേഡകം ഏരിയാ സെക്രട്ടറിയുമായ ശ്രീരൂപിനെ  ചുവപ്പ് ബാഗ് ധരിച്ചതിന്റെ പേരിൽ മർദിച്ചത്‌ പ്രതിഷേധാർഹമാണ്. ഒന്നാം വർഷ വിദ്യാർഥികൾക്ക്‌  നേരെ ക്ലാസ് ആരംഭിച്ചത്‌  മുതൽ    ക്രൂരമായ ആക്രമണമാണ് നടക്കുന്നത്. പലരും ഭീഷണി കാരണം പരാതി പറയാൻ  തയ്യാറാകുന്നില്ല. നിരവധി ക്രിമിനൽ  കേസുകളിൽ  പ്രതികളായ ക്രിമിനലുകളെ  നേതൃത്വം ഇടപെട്ട്‌  തിരുത്തണം. അല്ലാത്തപക്ഷം യുവജന, വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കും. 
 


deshabhimani section

Related News

View More
0 comments
Sort by

Home