10,000 പേരുള്ള കാർഷിക തൊഴിൽസേന വരുന്നു

പടന്നക്കാട്
കെഎസ്‌കെടിയു സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന തൊഴില്‍സേനയുടെ ഭാഗമായി ജില്ലയില്‍ 120 ക്ലസ്റ്ററുകളിലായി 10,000 തൊഴിലാളികളുടെ കാര്‍ഷിക തൊഴില്‍സേന രൂപീകരിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സേന ഏറ്റെടുത്തു നടത്തുന്നതിനു പുറമെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമായി ഭക്ഷ്യസുരക്ഷയ്‌ക്കും പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്താനുള്ള ഇടപെടലുകളും സേന നടത്തും. തൊഴിൽസേന രൂപീകരണവുമായി ബന്ധപ്പെട്ട് പടന്നക്കാട് കാർഷിക കോളേജിൽ കെഎസ്‌കെടിയു ജില്ലാ ശിൽപശാല സംഘടിപ്പിച്ചു.
കാര്‍ഷികമേഖലയില്‍ ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുക, പുതിയ തലമുറയില്‍ കാര്‍ഷികാഭിനിവേശം വളര്‍ത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്‍ഷികമേഖലാ പ്രോജക്‌ടുകൾ സമയബന്ധിതമായി നടപ്പാക്കാന്‍ സഹായിക്കുക, തരിശുഭൂമിയില്‍ കൃഷിയിറക്കുക, നെല്‍കൃഷി വ്യാപിപ്പിക്കുക തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള ഇടപെടലുകളും സേന നടത്തും. ഇതിന് ചാരിറ്റബിള്‍ സൊസൈറ്റി ആക്‌ട് പ്രകാരം ക്ലസ്റ്ററുകള്‍ രജിസ്‌റ്റർചെയ്യും. 18നും 60നും ഇടയില്‍ പ്രായമുള്ള കാര്‍ഷികതൊഴിലിൽ താല്‍പര്യമുള്ളവര്‍ക്ക് അംഗത്വം നല്‍കും. ജില്ലയിലെ സംഘങ്ങളെ ഏകോപിപ്പിക്കാന്‍ ഫെഡറേഷന്‍ രൂപീകരിക്കും. ജില്ലാ ഫെഡറേഷനെ സഹായിക്കാന്‍ വിദഗ്‌ധസമിതികളുണ്ടാവും. ക്ലസ്റ്ററുകൾക്ക് ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ എന്നിവരുമുണ്ടാകും.
തൊഴില്‍സേന രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ശിൽപശാലയിൽ വില്ലേജ് സെക്രട്ടറിമാര്‍, തൊഴിൽസേന ക്ലസ്റ്റർ കൺവീനർമാർ, ഏരിയാസെക്രട്ടറി, പ്രസിഡന്റുമാര്‍, ജില്ലാകമ്മിറ്റി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാപ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി നാരായണന്‍ തൊഴില്‍സേനാ രൂപീകരണ മാര്‍ഗരേഖ അവതരിപ്പിച്ചു.
ഭാവിപ്രവര്‍ത്തന പരിപാടികള്‍ പപ്പന്‍ കുട്ടമത്ത് അവതരിപ്പിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ സംസാരിച്ചു. ജില്ലാസെക്രട്ടറി വി കെ രാജന്‍ സ്വാഗതം പറഞ്ഞു.









0 comments