900 കോഴികളെ തെരുവുനായ്‌ക്കൾ കൊന്നൊടുക്കി

വെള്ളരിക്കുണ്ട്
കോഴി ഫാമിൽ തെരുവ് നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ മാങ്ങോട്ടെ മേമറ്റത്തിൽ ജോണി (ജോസഫ് )യുടെ ഫാമിലെ കോഴികളെയാണ് തെരുവ് നായ്ക്കൾ കൊന്നൊടുക്കിയത്. 1.25 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
ചൊവ്വാഴ്ച രാവിലെ ആറോടെയാണ് കോഴികളെ മൊത്തം ചത്തനിലയിൽ കണ്ടത്. സാധാരണ രാവിലെ ആറോടെ, വീട്ടുകാർ ഫാമിൽ പോയി കോഴികളെ നോക്കാറുണ്ട്. അതുപോലെ തിങ്കളാഴ്ചയും രാവിലെ പോയപ്പോൾ കൂട്ടിൽ അഞ്ച് കറുത്ത പട്ടികൾ കിടക്കുന്നതാണ് കണ്ടത്. ബഹളം വെച്ചപ്പോൾ ഇറങ്ങി ഓടി. പിന്നീട് നോക്കുബോഴാണ് കോഴികൾ ചത്തതായി കണ്ടത്. രണ്ട് കൂടുകളിലായി 13ഉം, 25ഉം ദിവസം പ്രായമുള്ള 900 കോഴികളെയാണ് തെരുവ് നായ്ക്കൾ കൊന്നത്. രണ്ട് കൂടിന്റെയും കമ്പിവേലി കടിച്ചു പൊട്ടിച്ചാണ് നായ്ക്കൾ അകത്തുകടന്നത്. രാത്രി മഴയായതിനാൽ കോഴികളുടെ ബഹളം വീട്ടുകാർ അറിഞ്ഞതുമില്ല.
14 വർഷമായി ജോണിയും കുടുംബവും കോഴിഫാം നടത്തുന്നു. ഇവരുടെ പ്രധാന ജീവിതമാർഗവും ഇതാണ്. കാനറാ ബാങ്കിൽ നിന്ന് വായ്‌പയെടുത്താണ് കോഴികൃഷി നടത്തുന്നത്. വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വളർത്തി കോഴിക്കടകൾക്ക് വില്പന നടത്തുന്ന കൃഷി രീതിയാണ് ജോണിയുടേത്.









0 comments