ജില്ലാപഞ്ചായത്തിന് മെല്ലെപ്പോക്ക്

കാസര്‍കോട്
പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും പദ്ധതി നിർവഹണത്തിൽ ജില്ലാ പഞ്ചായത്തിന് മെല്ലെപ്പോക്ക്. അന്തിമ പദ്ധതി രേഖ പോലും തയ്യാറാക്കാൻ വൈകിപ്പിച്ച ജില്ലാ പഞ്ചായത്തിൽ അഞ്ച് ശതമാനമാണ് പൊതുവിഭാഗം പദ്ധതി വിഹിതം ചെലവഴിച്ചത്. ഭരണനേതൃത്വത്തിന്റെ അലസതയ്‌ക്കെതിരെ ചൊവ്വാഴ്‌ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷം ആഞ്ഞടിച്ചു.
യോഗം തുടങ്ങിയയുടൻ പ്രതിപക്ഷാംഗം സിപിഐ എമ്മിലെ ഡോ. വി പി പി മുസ്‌തഫയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. ജില്ലാ പഞ്ചായത്തിന്റെ അന്തിമ പദ്ധതി േരഖപോലും ലഭിച്ചിട്ടിെല്ലന്ന് മുസ്‌തഫ ചൂണ്ടിക്കാട്ടി. പദ്ധതി നിർവഹണം ആരംഭിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും അന്തിമ രേഖയാകാത്തത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ അഞ്ചു ശതമാനമാണ് പദ്ധതി നിർവഹണം. ഭരണ നേതൃത്വത്തിനിടയിലെ ഏകോപനമില്ലായ്‌മയാണ് കാരണം. ജില്ലാ ആശുപത്രിയിെല പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി നടന്നില്ല. എസ്‌എസ്‌എൽസി വിജയികളെ ആദരിക്കുന്ന വിജയോത്സവം ഈ വർഷം നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ പദ്ധതി രേഖ സമർപ്പിക്കാത്തത് പ്രതിപക്ഷം പറഞ്ഞപ്പോഴാണ് അജൻഡയിലില്ലാത്ത പദ്ധതി രേഖ യോഗത്തിൽ വിതരണംചെയ്‌തത്.
ജില്ലാ പഞ്ചായത്തിന് നടപ്പു സാമ്പത്തിക വർഷം 532 പദ്ധതികളാണുള്ളത്. ഇതിൽ 344 എണ്ണവും കഴിഞ്ഞവർഷം പൂർത്തിയാകാത്ത സ്‌പിൽ ഓവർ പദ്ധതികളാണ്. നിർവഹണത്തിന് സാധിക്കുമായിരുന്ന ഏപ്രിൽ, മെയ് മാസങ്ങൾ ഉണ്ടായിട്ടും മെല്ലെപ്പോക്കാണ്. കഴിഞ്ഞവർഷം എൻജിനിയർമാർ ഇല്ല എന്നായിരുന്നു പരാതി. ഈ വർഷം എൻജിനിയറിങ് ജീവനക്കാരുടെ ഒരു ഒഴിവുപോലും ഇല്ല. എന്നിട്ടും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡുകളെല്ലാം തകർന്നുകിടക്കുന്നു. മഴക്കാലത്തിനു മുമ്പ് ഇവയുടെ അറ്റകുറ്റപ്പണി ചെയ്യാൻ പോലും സാധിച്ചില്ല. ബളാൽ‐ രാജപുരം, ചെങ്കള‐ പേരൂർ റോഡുകളുടെ സ്ഥിതി ദയനീയമാണെന്ന് സിപിഐ എമ്മിലെ ഇ പത്മാവതി പറഞ്ഞു. മെല്ലെപ്പോക്കിനെതിരെ നടപടി വേണമെന്ന് ജോസ് പതാലിലും ആവശ്യപ്പെട്ടു.
ട്രഷറി നിയന്ത്രണം കാരണമാണ് പദ്ധതികൾ വൈകുന്നതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. അങ്ങനെയെങ്കിൽ മറ്റു ജില്ലാ പഞ്ചായത്തുകളിലും ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും ഇതേ അവസ്ഥയല്ലല്ലോ എന്ന് പ്രതിപക്ഷം മറുപടി പറഞ്ഞു. സ്പില്‍ ഓവര്‍ വര്‍ക്കുകളുടെ പ്രശ്‌നമാണ് പലതുമെന്നും ഉന്നയിച്ച പ്രശ്‌നത്തില്‍ ജാഗ്രതയോടെ ഇടപെടുമെന്നും വിമര്‍ശനത്തെ പോസിറ്റീവായി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അധ്യക്ഷനായ പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. നാറ്റ്പാക്കിന്റെ മെല്ലോപോക്കാണ് റോഡ് പണി ഇഴയാൻ കാരണം. സ്‌കൂള്‍ മെയിന്റനന്‍സ് നടക്കാത്തതിന് കാരണം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനംമൂലമാണ്‐ എ ജി സി ബഷീർ പറഞ്ഞു. 14 റോഡുകളുടെ മെക്കാഡം ടാറിങ്ങിനുള്ള അപേക്ഷ രണ്ടരമാസമാണ് നാറ്റ്പാക് ഉരുട്ടിയതെന്നും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം യോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു.









0 comments