8 ബിജെപിക്കാർക്കെതിരെ കേസ്

സീതാംഗോളി
മുഗു റോഡിൽ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ട് ബിജെപി‐ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മുഗുറോഡിലെ എസ്ടിപി ഫാബ്രിക്കേഷൻ ഉടമ ആരിഫിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സീതാംഗോളിയിലെ മഹേഷ്, ഹരിപ്രസാദ് എന്നിവരടങ്ങുന്ന എട്ട് പേർക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ പ്രവർത്തകൻ മുരളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാം പ്രതിയാണ് മഹേഷ്. കുമ്പള സിഐ കെ പ്രേംസദന്റെ നേതൃത്വത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
തിങ്കളാഴ്ച പകൽ മുന്നോടെ നാല് ബൈക്കുകളിലെത്തിയ ബിജെപി സംഘമാണ് ആരിഫിനെ കടയിൽ കയറി കുത്തിയത്. കടയിൽ നിന്ന് പുറത്തേക്ക് ഓടി തൊട്ടടുത്തുള്ള ഒരു ആരാധനാലായത്തിൽ കയറിയതിനാൽ അക്രമികൾ പിൻമാറി. ആരിഫിന്റെ ശരീരത്തിൽ പന്ത്രണ്ടോളം പരിക്കുണ്ട്. ബിജെപികാർ ആരിഫിനെ കൊല്ലാൻ ലക്ഷ്യമിട്ടാണ് വന്നത്. അക്രമികളെന്ന് സംശയിക്കുന്ന സംഘം കുറച്ച് ദിവസമായി സീതാംഗോളിയിലും പരിസരത്തും കാറിൽ കറങ്ങുന്നതായി കണ്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അടുത്ത കാലത്തായി സീതാംഗോളിയിലും പരിസരത്തും ബിജെപി‐ ആർഎസ്എസ് ക്രിമിനിലുകളുടെ നേതൃത്വത്തിൽ നിരന്തരം സംഘർഷമുണ്ടാക്കുകയാണ്. കിൻഫ്ര വ്യവസായ എസ്റ്റേറ്റ് പരിസരം കേന്ദ്രീകരിച്ചാണ് ആർഎസ്എസ് ക്രിമിനലുകളുടെ പ്രവർത്തനം. ബിഎംഎസുകാരായ ചുമട്ട്ത്തൊഴിലാളികളെ മറയാക്കിയാണ് ഇവരുടെ പ്രവർത്തനം. കൊലക്കേസ് അടക്കം വിവിധ കേസുകളിലെ പ്രതികളയവരുടെ താവളം ഇവിടെയാണ്. ഇവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഈയിടെ സീതാംഗോളിയിൽ വാൾ വീശി സംഘർഷത്തിന് ശ്രമിച്ചിരുന്നു. ഇതിനിടയിൽ കൊലക്കേസ് പ്രതി മഹേഷിന് നേരെയും അക്രമം നടന്നു.
എൽഡിഎഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്തിലെ സമാധാനം തകർത്ത് സമുദായിക സംഘർഷത്തിനാണ് ആർഎസ്എസ് പദ്ധതി. പഞ്ചായത്തിൽ ബിജെപിക്ക് സീറ്റൊന്നുമില്ല. നേരത്തെ യുഡിഎഫ്, ബിജെപി അവിശുദ്ധ സഖ്യം പഞ്ചായത്ത് ഭരിച്ചിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ജനങ്ങൾ സഖ്യത്തെ തൂത്തെറിഞ്ഞു. തൊട്ടടുത്തുള്ള മധൂർ, ബദിയടുക്ക പഞ്ചായത്തുകളിലെ ക്രിമിനലുകളെ ബിഎംഎസിന്റെ മറവിൽ ഇറക്കിയാണ് കുഴപ്പമുണ്ടാക്കുന്നത്. ആരിഫിനെ അക്രമിച്ച പ്രതികളെ ഉടൻ പിടികൂടണമെന്ന് സിപിഐ എം കുമ്പള ഏരിയാസെക്രട്ടറി സി എ സുബൈർ ആവശ്യപ്പെട്ടു. നിരന്തരം ഇവിടെ കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. അക്രമികളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് സുബൈർ അഭ്യർഥിച്ചു.









0 comments