പുലിയെ പൂട്ടാൻ ഒരു കൂട് മതിയോ

മുള്ളേരിയ
കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് പരിധിയിൽ ജനവാസമേഖലയിൽ ഭീതി പടർത്തുന്ന പുലിയെ പൂട്ടാൻ ആകെയുള്ളത് ഒരു കൂട് മാത്രം. കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ പകലും രാത്രിയും പുലിയിറങ്ങി ഭീതി പടർത്തുമ്പോൾ വനം വകുപ്പിന് നിസ്സഹായത മാത്രം. ഒരു കൂട് നിർമിച്ച് ഇരിയണ്ണിയിൽ വച്ചെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. ആടിനെ ഇര വച്ച് കാത്തിരുന്നെങ്കിലും പുലി കൂടിന്റെ പരിസരത്ത് വന്നില്ല. പുലി പിടിക്കാറുള്ള വളർത്തുനായകളെ ഇരയായി വച്ചും പരീക്ഷണം നടത്തിയെങ്കിലും നടന്നില്ല. ഇതേ കൂടാണ് ഇരിയണ്ണിയിൽ നിന്ന് കാറഡുക്ക അടുക്കത്തൊട്ടിയിലേക്ക് മാറ്റി സ്ഥാപിച്ചത്.
നിലവിൽ നാല് പുലികൾ കാസർകോട് വനം റേഞ്ച് പരിധിയിൽ ഉണ്ടെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. 12 നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും പുതിയ കൂടുകൾ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. ഒരു കൂടിന് 1.7 ലക്ഷം രൂപ വരെ ചെലവ് വരുന്നതാണ് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിർമിച്ച് വെറ്ററിനറി ഡോക്ടർ പരിശോധിച്ച ശേഷമാണ് കൂട് ഇറക്കുക. നീളൻ വാലുള്ള പുലി കെണിയിൽ അകപ്പെട്ടാൽ പോലും ഒരു പരിക്കും പറ്റാത്ത രീതിയിൽ കൂട് നിർമിക്കണം. വിദഗ്‌ധ സമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ച് പുലി സാന്നിധ്യമുള്ള പ്രദേശത്ത് സ്ഥാപിക്കുക. ജനപ്രതിനിധികളുടെ സഹായത്തോടെ കൂടുതൽ കൂടുകൾ വരുത്തിക്കാൻ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നാടാകെ പുലി ഭീതിയിൽ നിൽക്കുമ്പോൾ വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.









0 comments