ദളിത് യുവാവിനെ പൊലീസ് സ്റ്റേഷനിൽ പീഡിപ്പിച്ചതായി പരാതി

മുള്ളേരിയ
ഇരിയണ്ണിയിൽ നടന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനിടയിൽ എടനീർ മഠാധിപതിയുടെ വാഹനം ആക്രമിച്ചുവെന്ന കേസിൽ വിളിപ്പിച്ച് ഹൃദ്രോഗിയായ ദളിത് യുവാവിനെ പൊലീസ് സ്റ്റേഷനിൽ പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച പകൽ പത്തിന് ആദൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇരിയണ്ണി പയം നഗറിലെ പി വിജയകുമാറിനാണ് സ്റ്റേഷനിലെ ചില പൊലീസുകാരിൽനിന്ന് മോശം അനുഭവമുണ്ടായത്.
ബോവിക്കാനത്തെ സ്വകാര്യവ്യക്തിയുടെ കടയിൽ ജോലിക്കാരനാണ് വിജയകുമാർ. വ്യാഴം പകൽ രണ്ടിന് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തിനടുത്തേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ട് അവിടെവച്ച് സംസാരിച്ചു. തുടർന്ന് വെള്ളിയാഴ്ച സ്റ്റേഷനിൽ വരണമെന്നും ആരെയും അറിയിക്കരുതെന്നും നിർദ്ദേശം നൽകി. രോഗിയായ മകനെ ഒറ്റയ്ക്ക് വിടാൻ അമ്മ പ്രേമലത ഒരുക്കമല്ലായിരുന്നു. അതിനാൽ സ്റ്റേഷനിൽ അമ്മയും കൂടെ ചെന്നു.
സൈക്ലിങ് മത്സരത്തിനിടയിൽ റോഡിൽ മറ്റൊരു വാഹന ഉടമയുമായി സംസാരിക്കുന്ന ഫോട്ടോ കാണിച്ച് ഇവരെ തിരിച്ചറിഞ്ഞ് പറയണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളെന്ന് പൊലീസ് പറയുന്നവരെ നന്നായി അറിയുമെന്ന് മൊഴി വാങ്ങിക്കുകയിരുന്നു ഉദ്ദേശം. എന്നാൽ ഭീഷണി കേട്ട് വിജയകുമാർ ബോധരഹിതനാവുകയും വായിൽനിന്ന് നുര വരികയും ചെയ്തു. ഉടൻ ഓട്ടോ വിളിച്ച് മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ എത്തിച്ചു. രാവിലെ ഭക്ഷണം കഴിക്കാതെ ഇരുന്നതിനിലാണ് ക്ഷീണമെന്ന് വരുത്തി തീർത്ത് പൊലീസ് അവിടെനിന്ന് മുങ്ങി. വിവരമറിഞ്ഞ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ, കെ പ്രഭാകരൻ, കെ എച്ച് സൂപ്പി എന്നിവർ ആശുപത്രിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വിജയകുമാർ
സ്വന്തം നാട്ടിൽ വലിയൊരു മത്സരം നടക്കുന്നുവെന്നറിഞ്ഞാണ് മത്സരം കാണാൻ പോയത്. എന്നെ വിളിപ്പിച്ച കേസ് വിവരങ്ങൾ പോലും എനിക്ക് അറിയില്ല. അസുഖബാധിതനാണെന്ന് അറിയിച്ചിട്ടും പൊലീസ് മാന്യമായി പെരുമാറിയില്ല. ഭീഷണിയും സമ്മർദ്ദവും താങ്ങാനുള്ള ആരോഗ്യശേഷി തനിക്കില്ല. വിജയകുമാർ പറഞ്ഞു.









0 comments