പുല്ലൂരില്‍ അടിപ്പാതയോട് ചേര്‍ന്നുള്ള റോഡുകളില്‍ അപകടക്കെണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 11:21 PM | 0 min read

പുല്ലൂർ
പുല്ലൂരിൽ ദേശീയപാത അടിപ്പാതയോട് ചേർന്നുള്ള മൂന്ന് പഞ്ചായത്ത് റോഡുകളിൽ അപകടം പതിവാകുന്നു. പുളിക്കാൽ-  വരയില്ലം, പുല്ലൂർ  -ഉദയനഗർ, പുല്ലൂർ തട്ടുമ്മൽ റോഡുകൾക്ക് ഈ ഭാഗത്ത് രൂപമാറ്റം വന്നതോടെയാണ് അപകടം വർധിച്ചത്. 
ദേശീയപാതയുടെ ഭാഗമായുള്ള സർവീസ് റോഡിനോട് ചേരുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. ദേശീയപാത നിർമാണ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇതിന് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം. പുളിക്കാൽ - വരയില്ലം റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകട സാധ്യത കൂടുതൽ. വണ്ണാർ വയൽ, മധുരമ്പാടി കണ്ണാങ്കോട്ട് പ്രദേശങ്ങളിൽ നിന്നുള്ളവർ ഉപയോഗിക്കുന്ന റോഡാണിത്.  റോഡിലൂടെ ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശിക്കാനാകും. 
കുത്തനെയുള്ള ഇറക്കത്തോടെയാണ് റോഡിന്റെ  പ്രവൃത്തി നടത്തിയത്. മുമ്പത്തെ റോഡ് വെട്ടി പൊളിച്ചാണ് പുതിയത്‌ നിർമിച്ചത്‌. എന്നാൽ സമീപത്തെ രണ്ട് വൈദ്യൂതി തൂൺ നീക്കിയില്ല. പഞ്ചായത്ത് റോഡിൽ സ്ഥാപിച്ച വൈദ്യൂതി തൂണും എച്ച്ടി വൈദ്യുതി ലൈൻ കടന്നുപോകുന്ന തൂണും ഏത് സമയത്തും നിലംപതിക്കാവുന്ന വിധം മൺതിട്ടയിലാണ്‌. ഇരുചക്രവാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ നിയന്ത്രണം വിട്ടുമറിയുന്നു. 
ഒരാഴ്ചക്കിടെ അഞ്ച് അപകടം  സംഭവിച്ചു. പുളിക്കാൽ -വരയില്ലം റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്തെ മൺതിട്ടകളും വൈദ്യുതി തൂണുകളും ഇരുവശത്തെയും കാഴ്ച മറയ്ക്കുന്നതും അപകങ്ങൾക്കിടയാക്കുന്നു.  ഇവ മാറ്റാൻ  കരാറുകാരോട്  ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയില്ല.  പുല്ലൂർ തട്ടുമ്മൽ റോഡ് ചേരുന്ന ഭാഗത്ത് സർവീസ് റോഡിൽ ഹമ്പ് സ്ഥാപിച്ചെങ്കിലും ഇതുകൊണ്ട്  അപകടം ഒഴിവാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.   ഇവിടത്തെ വൈദ്യുതി തൂൺ മാറ്റാൻ നടപടി വേണമെന്നാണ് ഇവിടെ രൂപീകരിച്ച കർമസമിതി ആവശ്യം. 
പഞ്ചായത്തംഗങ്ങളായ ടി വി കരിയൻ, എം വി നാരായണൻ എന്നിവർ റോഡുകൾ സന്ദർശിച്ചു. എത്രയും വേ​ഗം പ്രശ്നപരിഹാരമുണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

 



deshabhimani section

Related News

0 comments
Sort by

Home