Deshabhimani

അടിപ്പാത വേണം, 
മൈലാട്ടിയുടെ ദുരിതമകറ്റണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 10:57 PM | 0 min read

ഉദുമ
ആറുവരി ദേശീയപാത യാഥാർഥ്യമാവുമ്പോൾ ദുരിതത്തിലാകുന്നത്‌ മൈലാട്ടി ജങ്‌ഷനിലെത്തുന്ന യാത്രക്കാർ. ഇവിടെ ദേശീയപാതയുടെ ഇരുവശത്തേക്കും കടക്കാൻ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ്‌. ദേശീയപാതയിലെ പ്രധാന ജങ്‌ഷനുകളിൽഒന്നാണ്‌ ഇവിടം. നിലവിൽ പൊയിനാച്ചിയുടെയും ബട്ടത്തൂരിന്റെയും ഇടയിലുള്ള 3.5 കിലോമീറ്റർ ദൂരത്തിന്റെ  ഇടയിലാണ്‌ മൈലാട്ടി ജങ്ഷൻ.  മാങ്ങാട്‌, ബാര, വെടിക്കുന്ന്‌, എരോൽ, മുല്ലച്ചേരി, ഉദുമ, കൂട്ടപ്പുന്ന, കരിച്ചേരി, പറമ്പ  എന്നിവിടങ്ങളിലെ ഗ്രാമീണ റോഡുകൾ കൂടിച്ചേരുന്ന ജില്ലാ പഞ്ചായത്തിന്റെ ദേളി ‐ കരിച്ചേരി റോഡ്‌ എത്തിച്ചേരുന്നത്‌ മൈലാട്ടി ജങ്‌ഷനിലാണ്‌.  നിരവധി വിദ്യാർഥികളും  ജീവനക്കാരും തൊഴിലാളികളും കർഷകരും ദേശീയപാത വഴിയുള്ള  യാത്രയ്ക്ക്‌ മൈലാട്ടി ജങ്‌ഷനെയാണ്‌ ആശ്രയിക്കുന്നത്‌.
 കരിച്ചേരി ജിയുപി സ്കൂൾ,  ബാര ഗവ. ഹൈസ്‌കൂൾ, ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഉദുമ സബ്‌ രജിസ്‌ട്രാർ ഓഫീസ്‌, മൈലാട്ടി പോസ്‌റ്റ്‌ ഓഫീസ്‌,  കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷൻ, ഉദുമ മൃഗാശുപത്രി, കരിച്ചേരി, ഉദുമ ഗവ. ആശുപത്രികൾ,  ബാര, മുക്കുന്നോത്ത്‌, എരോൽക്കാവ്‌, കരിച്ചേരി എന്നിവിടങ്ങളിലെ ആരാധനാലയങ്ങൾ, കരിച്ചേരി പാൽ സൊസൈറ്റി, ബാര, ഉദുമ വില്ലേജ്‌ ഓഫീസുകൾ  എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക്‌ പ്രധാന സ്റ്റോപ്പുകളിൽ ഒന്നാണ് മൈലാട്ടി.
അടിപ്പാത നിർമിക്കാതെ ദേശീയപാത പൂർത്തിയായാൽ മയിലാട്ടിയിൽനിന്ന് റോഡ് മുറിച്ചുകടക്കാൻ രണ്ട്‌ കിലോമീറ്റർ മാറി പൊയിനാച്ചിയിലേക്കോ 1.5 കിലോമീറ്റർ മാറി ബട്ടത്തൂരിലേക്കോ യാത്ര ചെയ്യേണ്ടി വരും. 
മൈലാട്ടി കെഎസ്ഇബി സബ്സ്റ്റേഷനിലെയും  ഉദുമ സ്‌പിന്നിങ് മില്ലിലെയും ജോലിക്കാർക്ക്‌ കിഴക്കുഭാഗത്തെ ബസ്‌ സ്‌റ്റോപ്പിലെത്താൻ വളരെ പ്രയാസം അനുഭവിക്കണം.  25 ഓളം ഓട്ടോകൾ മൈലാട്ടിയിൽ പാർക്ക് ചെയ്യുന്നുണ്ട്‌. ഒരുഭാഗത്തുനിന്ന്‌ മറു ഭാഗത്തേക്കുള്ള ഓട്ടം ഇവർക്ക്‌ വലിയ നഷ്ടമുണ്ടാക്കും. നിരവധി കർഷകരുള്ള ഇവിടെ അവരുടെ വയലുകൾ ഒരുഭാഗത്തും വീട്‌ മറുഭാഗത്തുമാണ്‌.  മൈലാട്ടിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട്‌  ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ ശക്തമായ  സമരം നടത്താനുള്ള ഒരുക്കത്തിലാണ്‌ നാട്ടുകാർ.

 



deshabhimani section

Related News

0 comments
Sort by

Home