വെള്ളരിക്കുണ്ട് ടൗണിൽ തേനീച്ചക്കൂടുകൾ ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 10:48 PM | 0 min read

വെള്ളരിക്കുണ്ട്   
ബഹുനില കെട്ടിടത്തിലെ  തേനീച്ചക്കൂടുകൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറി. വെള്ളരിക്കുണ്ട്  ടൗണിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന വ്യാപാര സമുച്ചയത്തിന്റെ മുകൾ നിലയിലുള്ള തേനീച്ചകളാണ് ഭീഷണി സൃഷ്ടിക്കുന്നത്. 
കെട്ടിടത്തിന്റെ സൺഷെയ്ഡിലാണ് ഏറെ നാളുകളായി  തേനീച്ച കൂടുകളുള്ളത്. ഇതിൽ ഒന്ന് വലിപ്പം കൂടിയതാണ്. ഇത് മൂന്ന് അടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്നതിനാൽ കാറ്റിൽ ആടുന്നുണ്ട്. ശക്തമായ കാറ്റ് വീശിയാൽ ഇത് വേർപെട്ട് താഴേയ്ക്ക് പതിക്കാനുള്ള സാധ്യതയും ഏറെ. ഇവിടെ നീരവധി കച്ചവട സ്ഥാപനങ്ങൾ ഉള്ളതിനാൽ താഴേയ്ക്ക് പതിച്ചാൽ നൂറുകണക്കിന് ആളുകൾക്ക് കുത്തേൽക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. 
 കൊന്നക്കാട് ഭാഗത്തേക്ക് പോകാൻ ജനങ്ങൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തിനരികിലാണ്  തേനീച്ചക്കൂടുകൾ.  നൂറുകണക്കിന് വിദ്യാർഥികൾ കടന്നു പോകുന്ന വഴി കൂടിയാണിത്.  രണ്ട് വർഷം മുമ്പ്‌ അഗ്നിരക്ഷാസേന എത്തി പുകച്ച് തേനീച്ചയെ ഒഴിവാക്കിയെങ്കിലും ഈ വർഷവും തേനീച്ചയെത്തി. പ്രാവിൻകൂട്ടങ്ങളും കാക്കകളുമെല്ലാം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. ഇവയുടെ ആക്രമണം ഉണ്ടായാലും തേനീച്ചക്കൂടുകൾ ഇളകാനുള്ള സാധ്യത ഏറെ.


deshabhimani section

Related News

View More
0 comments
Sort by

Home