ശബ്ദവും വെളിച്ചവും ഒന്നിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 10:18 PM | 0 min read

കാഞ്ഞങ്ങാട്‌
നിലമ്പൂർ ആയിഷ, ശബ്ദമായാണ്‌ തമ്പാൻ മാഷിന്റെ മനസ്സിൽ കുടിയേറിയത്‌. തിരിച്ച്‌ മാഷിന്റെ അകക്കണ്ണിലെ വെളിച്ചം കണ്ട്‌ നിലമ്പൂർ ആയിഷക്കും വിസ്‌മയം. നിലമ്പൂർ ആയിഷയുടെ ശബ്ദം റെക്കൊഡ്‌ ചെയ്‌ത്‌ കുട്ടികളെ കേൾപ്പിക്കണമെന്ന ഉദ്യമം വിജയിച്ച സന്തോഷത്തിലാണ്‌ കാടങ്കോട്‌ സ്വദേശിയായ തമ്പാൻ മാഷ്‌. 
‘ജ്ജ് നല്ല മനിസനാവാൻ നോക്ക്' എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി നിലമ്പൂർ ആയിഷ കഴിഞ്ഞ ദിസവം പുരസ്‌കാര വിതരണ ചടങ്ങിനായി കാഞ്ഞങ്ങാട്‌ റസ്റ്റ് ഹൗസിൽ എത്തിയിരുന്നു. അപ്പോഴാണ്‌ തമ്പാൻ മാഷ്‌ അവരെ തേടിയെത്തിയത്‌. ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറികൂടിയായ അധ്യാപകൻ വി തമ്പാൻ, ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക്‌ യുഎസ്എസ് ക്ലാസ്സെടുക്കുന്നുണ്ട്‌. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്രത്തിൽ നിലമ്പൂർ ആയിഷയുടെ അനുഭവം കുട്ടികൾക്ക്‌ പഠിക്കാനുമുണ്ട്‌. അവരുടെ ശബ്ദം കുട്ടികളെ നേരിട്ട്‌ കേൾപ്പിച്ചാൽ പാഠഭാഗം ഒന്നുകൂടി കുട്ടികൾക്ക്‌ ഹൃദിസ്ഥമാകുമെന്ന്‌ മാഷിന്‌ തോന്നി. അങ്ങനെയാണ്‌ കാഞ്ഞങ്ങാട്‌ വന്നതും ആയിഷയെ കണ്ടതും. 81ാം വയസ്സിനും നല്ല ചുറുചുറുക്കോടെയുള്ള അവരുടെ സംസാരം റെക്കോഡ് ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് തമ്പാൻ മാഷ്‌. 
രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും വിരമിച്ച മാഷ്‌, കാഴ്‌ച പരിമിതിക്കിടയിലും പഠനപ്രവർത്തനങ്ങളിൽ സജീവമാണ്‌. ആയിരക്കണക്കിന്‌ വിദ്യാർഥികൾക്ക്‌ ഇപ്പോഴും ഗുരുവാണ്‌ അദ്ദേഹം.
 


deshabhimani section

Related News

View More
0 comments
Sort by

Home