വിളിപ്പുറത്തുണ്ട് 
സാന്ത്വനസ്‌പർശമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 10:33 PM | 0 min read

തൃക്കരിപ്പൂർ
തിരക്കിട്ട ജോലിക്കിടയിലും നിർധന രോഗികൾക്ക് സാന്ത്വനമാവുകയാണ് ഖലീഫ ഉദിനൂർ.  രണ്ട് വർഷത്തിനുള്ളിൽ മാത്രം നാല് കോടിയിലേറെ രൂപ സമാഹരിച്ച്‌ നിരവധി രോഗികൾക്ക് പുതുജീവനേകി. ജോലിക്കിടയിലെ സമയം മുഴുവൻ പാവപ്പെട്ട രോഗികൾക്ക്‌ അത്താണിയായി  മാറുകയാണ് ഈ പൊലീസുകാരൻ.  വൃക്ക രോഗികൾക്കും ഹൃദയം സംബന്ധമായ അസുഖമുള്ളവർക്കും കരൾ, അർബുദ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്നവർക്കും ഖലീഫ സഹായമെത്തിക്കുന്നു.  
എംപിയും എംഎൽഎയും മറ്റ് ജനപ്രതിനിധികളും അംഗങ്ങളാകുന്ന ചികിത്സ കമ്മിറ്റിയുടെ കീഴിൽ സാമൂഹ്യ മാധ്യമം വഴി പാവപ്പെട്ട രോഗികളുടെ വിശദാംശങ്ങൾ സമൂഹത്തെ അറിയിച്ചാണ് സുതാര്യമായി ഖലീഫ  പാവങ്ങളുടെ രക്ഷകനാകുന്നത്. ബോധവൽക്കരണം നടത്തിയും ആശുപത്രിയിൽ  ഇടപെട്ടും രോഗികൾക്ക് ആശ്വാസമേകും.  രണ്ട് മാസത്തിനിടെ  80 ലക്ഷം രൂപയോളമാണ്  രോഗികൾക്ക്  ലഭ്യമാക്കിയത്. 
കാസർകോട് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് ഖലീഫ. കിട്ടാത്ത മരുന്നുകൾ തേടിപ്പിടിച്ച് അദ്ദേഹം കൊണ്ടുവരും. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുകയുംചെയ്യും.
കാരുണ്യ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർക്കുള്ള ഗാലന്റ് വാരിയർ പുരസ്‌കാരം ഈ വർഷം ഖലീഫയ്‌ക്ക്‌ ലഭിച്ചു. ദേശീയ മനുഷ്യാവകാശ വെൽഫെയർ ഫോറത്തിന്റെ ശ്രേഷ്ഠ മാനവ സേവ പുരസ്കാരം രണ്ട് തവണ നേടി. കോവിഡ് കാലത്തെ സന്നദ്ധ സേവനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ നേടി. രക്തദാന മേഖലയിലും സജീവമാണ്.
45 തവണ രക്തദാനം നടത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home