യെച്ചൂരി: മതേതര ഇന്ത്യക്കായി എക്കാലവും പൊരുതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 10:48 PM | 0 min read

കാഞ്ഞങ്ങാട്‌ 

മതേതര ഇന്ത്യയുടെ മുന്നോട്ടുപോകലിന്‌ എക്കാലവും ഇന്ധനം പകർന്ന നേതാവാണ്‌ സീതാറാം യെച്ചൂരിയെന്ന്‌ സർവകക്ഷി അനുശോചനയോഗം വിലയിരുത്തി. യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ കാഞ്ഞങ്ങാട്‌ ടൗൺഹാളിൽ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗത്തിൽ ജില്ലയിലെ എല്ലാ രാഷ്ട്രീയ കക്ഷിയിലേയും നേതാക്കൾ പങ്കെടുത്തു.
പാർലമെന്റിൽ ദീർഘകാലം യെച്ചൂരിയുടെ സഹപ്രവർത്തകനായിരുന്ന മുൻ എംപി പി കരുണാകരൻ അധ്യക്ഷനായി. എതുസംസ്ഥാനത്ത്‌ പോയാലും അവിടത്തെയാളായാണ്‌ യെച്ചൂരി അറിയപ്പെടുന്നതെന്ന്‌ പി കരുണാകരൻ അനുസ്‌മരിച്ചു. ആദ്യ യുപിഎ കാലത്ത്‌ കേരളത്തിന്റെ റെയിൽവേ വികസനത്തിനായി കേന്ദ്രമന്ത്രി ബാലുവിനോട്‌, ഒരുയോഗത്തിൽ യെച്ചൂരി തർക്കിച്ചത്‌ അദ്ദേഹം ഓർമിച്ചു.
യെച്ചൂരിയുടെ അകാല വേർപാട്‌ ഇന്ത്യൻ ഇടതുപക്ഷത്തിന്‌ വലിയ ആഘാതമാണെന്ന്‌ ഇ ചന്ദ്രശേഖരൻ എംഎൽഎ അനുസ്‌മരിച്ചു. ദേശീയ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ നിലപാട്‌ രാജ്യം എക്കാലത്തും ശ്രദ്ധയോടെ ശ്രവിച്ചതായും ചന്ദ്രശേഖരൻ പറഞ്ഞു. എസ്‌എഫ്‌ഐ കാലത്തെ പരിചയം, പാർടി ജനറൽ സെക്രട്ടറിയായ കാലത്തും അതേ പോലെ യെച്ചൂരി തുടർന്നുവെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ അനുസ്‌മരിച്ചു.
യെച്ചൂരി കേവലം ഒരു വ്യക്തി മാത്രമല്ലെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യയെന്ന ആശയത്തിനായി എക്കാലവും നിലകൊണ്ട നേതാവാണെന്നും ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ അനുസ്‌മരിച്ചു. ഇന്ത്യൻ ജനതയ്‌ക്ക്‌ മൊത്തമായുണ്ടായ നഷ്ടമാണ്‌ ആ വിയോഗം. യെച്ചൂരി കാണിച്ചുതന്ന മാർഗത്തിലൂടെ നമുക്കിനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഫൈസൽ പറഞ്ഞു. യുപിഎ കാലത്ത്‌ സുർജിത്ത്‌ ഏറ്റെടുത്ത നേതൃപരമായ പങ്കിന്‌ സമാനമാണ്‌ ഇന്ത്യാ മുന്നണി കാലത്ത്‌ യെച്ചൂരി നടത്തിയതെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ ബഷീർ വെള്ളിക്കോത്ത്‌ പറഞ്ഞു.
വർഗീയ രാഷ്ട്രീയത്തെ അകറ്റിനിർത്താൻ എക്കാലവും പ്രയത്നിച്ച നേതാവാണ്‌ യെച്ചൂരിയെന്ന്‌ സിപഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. ആ പ്രയത്നത്തിന്റെ ഫലമാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇന്ത്യാമുന്നണിയുടെ മുന്നേറ്റമെന്നും സി എച്ച്‌ കുഞ്ഞമ്പു പറഞ്ഞു. അഗാധമായ പാണ്ഡിത്യത്താലും വിശാലമായ ജനാധിപത്യ ബോധത്താലും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വന്തമായ ഇരിപ്പടമുണ്ടാക്കിയ നേതാവാണ്‌ യെച്ചൂരിയെന്ന്‌ സ്വാഗതം പറഞ്ഞ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും അനുസ്‌മരിച്ചു.
മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, സിപിഐ ജില്ലാസെക്രട്ടറി സി പി ബാബു, എം രാജഗോപാലൻ എംഎൽഎ, കുര്യാക്കോസ്‌ പ്ലാമ്പറിൽ (കേരള കോൺഗ്രസ്‌ എം), കരീം ചന്തേര (എൻസിപി), പി പി രാജു (ജനതാദൾ എസ്‌), വി വി കൃഷ്‌ണൻ (ആർജെഡി), എം ഹമീദ്‌ ഹാജി (ഐഎൻഎൽ), കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ (കോൺഗ്രസ്‌ എസ്‌), പി ടി നന്ദകുമാർ (കേരളാ കോൺഗ്രസ്‌ ബി), സണ്ണി അരമന (ജനാധിപത്യ കേരളാ കോൺഗ്രസ്‌), വി വി രമേശൻ എന്നിവരും സംസാരിച്ചു. 
 


deshabhimani section

Related News

View More
0 comments
Sort by

Home