തദ്ദേശ അദാലത്ത് മൂന്നിന് ജനങ്ങൾക്കരികിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 10:41 PM | 0 min read

 കാസർകോട്‌

സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ജില്ലാതല തദ്ദേശ അദാലത്ത് സെപ്തംബർ മൂന്നിന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മന്ത്രി എം ബി രാജേഷ് നേതൃത്വം നൽകുന്ന അദാലത്തിൽ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട 12 ഇനങ്ങൾ പരിഗണിക്കുമെന്ന്   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം മന്ത്രിസഭ മുഴുവനായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനുമായി നടത്തിയ ജനകീയ സദസ്സിനുശേഷം  ലഭിക്കുന്ന വലിയൊരവസരമാണിത്. പഞ്ചായത്ത് തലത്തിൽ ഗ്രാമസഭകളിൽ അദാലത്ത് സംബന്ധിച്ച വിവരങ്ങൾ നൽകി വരികയാണ്. പൊതുജനങ്ങൾക്ക്  adalat.lsgkerala.gov.in എന്ന വെബ് പോർട്ടലിൽ പരാതി സമർപ്പിക്കാം.
തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കുന്ന അദാലത്ത് മികച്ച വിജയമാക്കി തീർക്കണമെന്ന്‌ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് പറഞ്ഞു. ഇതുവരെ വെബ്‌പോർട്ടൽ മുഖേനെ 127 പരാതിയാണ് ജില്ലയിൽ ലഭിച്ചതെന്നും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തീർപ്പാകാതെ കിടക്കുന്ന പരാതികളും അദാലത്തിലേക്ക് പരിഗണിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ ജെയ്‌സൺ മാത്യു അറിയിച്ചു.  29 വരെ പരാതി വെബ്‌പോർട്ടലിൽ നൽകാം. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പരാതികൾ ഉപജില്ലാ അദാലത്ത് സമിതികൾ പരിശോധിച്ച് റിപ്പോർട്ട് അദാലത്തിലേക്ക് നൽകും. അദാലത്തിൽ രാവിലെ 8.30 മുതൽ രജിസ്‌ടേഷൻ കൗണ്ടർ പ്രവർത്തിക്കും. 
പുതിയ പരാതിയും പരിഗണിക്കും. ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ മന്ത്രി നേരിട്ട് നടപടി നിർദ്ദേശിക്കും. വെബ്‌പോർട്ടലുകളിൽ നൽകിയ പരാതികളുടെ സ്ഥിതിഗതികൾ പരാതിക്കാരന് ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.
 
പരിഗണിക്കുന്ന വിഷയങ്ങൾ
ബിൽഡിങ്‌ പെർമിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം,  സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം,  പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങൾ. 
വാർത്താസമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്, അസി. ഡയറക്ടർ ബി എൻ സുരേഷ് എന്നിവരും പങ്കെടുത്തു.  
 


deshabhimani section

Related News

View More
0 comments
Sort by

Home