മഴ കനത്തു;വ്യാപക നാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 11:11 PM | 0 min read

കാസർകോട്‌ 

കാലവർഷക്കെടുതിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ നാശം. മിക്കയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതതടസ്സവും രൂക്ഷമായി. തീരദേശ മേഖലയിൽ കടൽക്ഷോഭവും ശക്തമാണ്‌. ചൊവ്വ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുംനിരവധി മരങ്ങളാണ്‌ പൊട്ടിവീണത്‌. പെറുവാട് കടപ്പുറത്തെ മറിയമ്മയുടെ വീട്‌ തെങ്ങ് കടപുഴകി വീണ്‌ ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന മറിയമ്മയും മക്കളും ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് വീടിന് മുകളിൽ തെങ്ങ് വീണ് കിടക്കുന്നത് കണ്ടത്. രാത്രി തന്നെ നാട്ടുകാർ തെങ്ങ് മുറിച്ചുമാറ്റി.
ചൗക്കിയിൽ സിപിസിആർഐക്ക്‌ മുന്നിൽ പാർക്ക്‌ ചെയ്‌തിരുന്ന കാർ മരം പൊട്ടിവീണ്‌ തകർന്നു. നിരവധി വൈദ്യുതി തൂണുകളും നിലംപൊത്തി.
ചിറ്റാരിക്കാൽ
കനത്ത മഴയിൽ മരം വീണ് വെസ്റ്റ് എളേരി മുക്കടയിലെ കെ പി ശ്രീകലയുടെ വീട് തകര്‍ന്നു. ചിറ്റാരിക്കാൽ കാറ്റാംകവല റോഡിൽ കാവുന്തലയിൽ വനത്തിലെ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊന്നക്കാട് വാഴത്തട്ട് ഊരിന് സമീപം മണ്ണിടിഞ്ഞു. 
ബന്തടുക്ക
കനത്ത മഴയിൽ കവുങ്ങ് വീണ് ബന്തടുക്ക പുളിഞ്ചാലിലെ സുധി കുമാറിന്റെ വീട് തകർന്നു. സിമെന്റ് ഷീറ്റിട്ട വീടിന്റെ ഒരു ഭാഗമാണ് തകർന്നത്. വീട്ടുകാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർ വീടിന് പുതിയ   ഷീറ്റ് ഇട്ട് നൽകി.
പള്ളിക്കര
ശക്തമായ കാറ്റില്‍ ടർഫ്‌ തകർന്ന്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ബേക്കല്‍ തായല്‍ മൗവ്വലിലെ ടർഫാണ്‌ തിങ്കളാഴ്‌ച രാത്രി തകർന്ന്‌ വീണത്‌. ടർഫിന്റെ ഭാഗങ്ങളും തകരഷീറ്റുകളും റോഡിലേക്ക് വീണ്‌ മൗവ്വല്‍- പള്ളിക്കര റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടിവീഴുകയും വൈദ്യുതി തോണികൾ തകരുകയും ചെയ്തു. 


deshabhimani section

Related News

View More
0 comments
Sort by

Home