ഇതാ പെൺമതിൽ

കണ്ണൂർ
വനിതകൾ തീർത്തകോട്ട, നവോത്ഥാന മൂല്യങ്ങളിൽനിന്നുള്ള പിൻ നടത്തത്തിന‌് കണ്ണൂരിന്റെ മറുപടിയാണിത‌്. വളഞ്ഞും നിവർന്നും കിടക്കുന്ന 82 കിലോമീറ്റർ ദേശീയപാതയിൽ വനിതകൾ മുഷ്ടി ചുരുട്ടി ചേർന്നുനിന്നത‌് വെറുതെയാവില്ലെന്ന‌് ഉറപ്പാണ‌്. ഇനി പിന്തിരിപ്പൻ കോമരങ്ങൾക്ക‌് മടങ്ങാം. ഇവിടെ, ഈ മണ്ണിൽ അവകാശങ്ങൾക്കായി, സമത്വമെന്ന ദീപ‌്തമായ ലക്ഷ്യത്തിലേക്കുള്ള പടപ്പുറപ്പാടിന‌് നാടൊറ്റക്കെട്ടാണ‌്. അവകാശ സമരങ്ങളിൽ നാട‌് കൂടെയുണ്ടെന്ന പ്രഖ്യാപനം.
വിപ്ലവവീര്യത്തിന്റെയും പോരാട്ടങ്ങളുടെയും വീറുറ്റ ഗാഥകൾ രചിച്ച മണ്ണിൽ ഇടമുറിയാതെ ആറേകാൽ ലക്ഷം വനിതകൾ മതിലിൽ അണിചേർന്നു. ബ്രിട്ടീഷ‌് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മുഷ്ടിചുരുട്ടിയ പാരമ്പര്യവുമായി കണ്ണൂരിൽ വനിതാ മതിൽ കോട്ടയായി. മതഭ്രാന്തും അനാചാരങ്ങളും ഈ മണ്ണിൽ വേരുറയ‌്ക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനംകൂടിയായി ഈ ഉജ്വലമായ ജനശൃംഖല.
സമൂഹത്തിന്റെ നാനാതുറയിലുള്ളവർ കൈക്കുഞ്ഞുങ്ങളുമായും പ്രായത്തിന്റ അവശതകൾ മറന്നും അവകാശപോരാട്ടത്തിന്റെ പൂപ്പാതയിൽ അണിചേർന്നു; ജാതി–-മതവ്യത്യാസമില്ലാതെ ഒരു ചരടിലെ മുത്തുകളായി പുതുചരിത്രം രചിച്ചു.
കാസർകോട‌് ജില്ലാ അതിർത്തിയായ കാലിക്കടവുമുതൽ മാഹി പൂഴിത്തലവരെയുള്ള 82 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ പടിഞ്ഞാറുവശത്ത‌് തിങ്ങിനിറഞ്ഞ‌് വനിതകൾ വൻമതിൽതന്നെ തീർത്തു. മിക്കയിടങ്ങളിലും മൂന്നും നാലും വരിയായി റോഡിൽ തിങ്ങി നിറഞ്ഞ‌് ശക്തമായ കോട്ടയായി മാറി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവ‌് വി വി സരോജിനി ജില്ലയിലെ ആദ്യകണ്ണിയായി കാലിക്കടവിലും സിനിമാതാരം നിഹാരിക എസ‌് മോഹൻ അവസാനകണ്ണിയായി പൂഴിത്തലയിലും പങ്കെടുത്തു. മുസ്ലിം സ‌്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തം ആവേശകരമായ അനുഭവമായി. കണ്ണൂർ സിറ്റിയിലെ മർഹബ സാംസ‌്കാരിക കൂട്ടായ‌്മയുടെ നേതൃത്വത്തിൽ 45 മുസ്ലിം വനിതകൾ കൊയിലി ആശുപത്രി പരിസരത്ത‌് മതിലിൽ അണിനിരന്നു. പയ്യന്നൂർമുതൽ പൂഴിത്തലവരെ വിവിധ സ്ഥലങ്ങളിൽ പർദയിട്ട സ‌്ത്രീജനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. മയ്യിൽ ഇടൂഴി ഇല്ലത്തിലെ അന്തർജനങ്ങളും യുവതലമുറയും പങ്കാളികളായി. വിവിധ ആശുപത്രികളിലെ നേഴ‌്സുമാരും നേഴ‌്സിങ‌് വിദ്യാർഥിനികളും മറ്റു ജീവനക്കാരും അങ്കണവാടി, ആശാ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും തൊഴിൽ വേഷങ്ങളിൽ അണിനിരന്നത‌് മതിലിന‌് ചാരുതയേകി. കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനിലെയും വിവിധ കോളേജുകളിലെയും വിദ്യാർഥിനികളും നവോത്ഥാന മൂല്യങ്ങളുടെയും സ്ത്രീ-–- പുരുഷ സമത്വത്തിന്റെയും സന്ദേശവുമായി മതിലിൽ അണിചേർന്നു.
ഉരുൾപൊട്ടി വീടും കൃഷി പ്രദേശങ്ങളും നശിച്ച കൊട്ടിയൂർ, അമ്പായത്തോട‌് മേഖലകളിലെ നിവാസികളും ആറളം പുനരധിവാസ മേഖലയിലെ നിരവധി ആദിവാസി സ‌്ത്രീകളും മതിലിൽ കണ്ണികളായി. രാഷ‌്ട്രീയ–- സാംസ‌്കാരിക–-കായിക മേഖലകളിലെ പ്രമുഖരും വനിതാമതിലിൽ പങ്കാളികളായി. ജില്ലയിലെ പ്രധാന കേന്ദ്രമായ കാൾടെക‌്സിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി, പ്രമുഖ നാടക നടി നിലമ്പൂർ ആയിഷ, ഗായിക സയനോര ഫിലിപ്പ‌്, കായിക താരങ്ങളായ റീഷ പുതുശേരി, സബിത പൂവട്ട, അലിഡ, എന്നിവർ വിശിഷ‌്ടാതിഥികളായി. ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ, അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ, എഴുത്തുകാരും സാംസ‌്കാരിക പ്രവർത്തകരുമായ പ്രൊഫ. ലിസി മാത്യു, ശാന്ത കാവുമ്പായി, ഡോ. വസന്തകുമാരി, രജിതാ മധു, പ്രേമജ ഹരീന്ദ്രൻ, സ‌്മിത പന്ന്യൻ, എ വി സരസ്വതി, മിനി രാധൻ, കലാമണ്ഡലം വനജ, കലാമണ്ഡലം ലത, കലാമണ്ഡലം ലീലാമണി, ഡോ. ഭാഗ്യലക്ഷ‌്മി, സോനാ രാജീവൻ, ആർ രാജശ്രീ, ബിന്ദു, ശ്രീലത ഹബീബ, സ‌്മിത, സാവിത്രി, ഡോ. കെ പി സബ്രീന, ഡോ. ടി പി നഫീസ ബേബി, ഡോ. ഷബ‌്ന ബീഗം, ഡോ. കെ വി സഫരിയ, ഡോ. എസ‌് വി ആരിഫ, അഡ്വ. ഫാത്തിമ ജാഫർ, അഡ്വ. ഫാത്തിമ വാഴയിൽ, എൻ സുകന്യ, എം വി സരള, കെ പി വി പ്രീത, കെ ലീല, പി പി ദിവ്യ, പി കെ ശ്യാമള, പ്രൊഫ. കെ എ സരള എന്നിവരും വിവിധ കേന്ദ്രങ്ങളിൽ വനിതാ മതിലിൽ പങ്കാളികളായി.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ , സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുൾപ്പെടെ വിവിധ തുറകളിലെ തൊഴിലെടുക്കുന്ന സ്‌ത്രീകളും അണിനിരന്നു. ചരിത്രത്തിൽ ഇടംനേടിയ വനിതാമുന്നേറ്റത്തിന‌് ഐക്യദാർഢ്യമർപ്പിച്ചും കാഴ‌്ചക്കാരായും ജനലക്ഷങ്ങൾ സമാന്തരമതിൽ സൃഷ്ടിച്ചു. മതിൽ തീർക്കുന്നതിനു മുന്നോടിയായി ജില്ലയിൽ 45 കേന്ദ്രങ്ങളിൽ പൊതുയോഗവും നടന്നു.









0 comments