ആദിവാസി പെൺകുട്ടികൾക്ക‌് ഹൈടെക‌് ഹോസ‌്റ്റലൊരുങ്ങുന്നു

ഇരിട്ടി
ആദിവാസി പഠനരംഗം പുഷ്ടിപ്പെടുത്താൻ ജില്ലയേറ്റെടുത്ത ഉദാത്ത മാതൃകക്കൊപ്പം എൽഡിഎഫ‌് സർക്കാരും. ഉണർവ‌് സൗജന്യ ട്യൂഷൻ പദ്ധതിയിലൂടെ പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ശ്രദ്ധയിലേക്കെത്തിച്ച ആദിവാസി കുട്ടികളുടെ പഠനപ്രശ‌്നങ്ങൾ പരിഹരിക്കാൻ ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ ഹൈടെക‌് സംവിധാനമൊരുക്കുകയാണ‌് സംസ്ഥാന പട്ടികവർഗക്ഷേമവകുപ്പ‌്. എട്ടരക്കോടി രൂപ ചെലവിൽ ആറളം ഫാം ഏഴാംബ്ലോക്കിൽ ആദിവാസി പെൺകുട്ടികൾക്കായി പ്രീമെട്രിക‌് ഹോസ‌്റ്റൽ കെട്ടിട ബഹുനില സമുച്ചയ നിർമാണം അതിവേഗം പുരോഗമിക്കുന്നു. സംസ്ഥാന കൺസ‌്ട്രക‌്ഷൻ കോർപറേഷനാണ‌് നിർമാണ ചുമതല. 100 പെൺകുട്ടികൾക്കിവിടെ താമസിച്ച‌് പഠിക്കാൻ എല്ലാവിധ സൗകര്യങ്ങളുമൊരുക്കും. ആവശ്യത്തിന‌് ടോയ‌് ലറ്റുകളും പഠനമുറികളും അടുക്കളയും ഭക്ഷണമുറിയുമെല്ലാം ഉന്നത നിലവാരത്തിൽ സജ്ജമാക്കും.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച‌് സ‌്കൂളുകളിൽനിന്ന‌് കൊഴിഞ്ഞുപോവുന്ന ശാപഗ്രസ‌്തമായ ചുറ്റുപാടുകളിലായിരുന്നു ആദിവാസി വിദ്യാർഥികൾ. ഐആർപിസി നേതൃത്വത്തിൽ ഇക്കാര്യം പഠനവിധേയമാക്കാൻ സർവേ നടത്തി. തുടർന്ന‌് മൂന്ന‌് കൊല്ലം മുമ്പ‌് ഫാമിലെ വിവിധ ബ്ലോക്കുകളിൽ സൗജന്യ ട്യൂഷൻ കേന്ദ്രങ്ങളാരംഭിച്ചു. ജില്ലയിലെ കോളനികളാകെ പിൽക്കാലത്തേറ്റെടുത്ത സമാന്തര വിദ്യാഭ്യാസ സഹായ പദ്ധതിയായി ഉണർവ‌് ട്യൂഷൻ രംഗം വിപുലപ്പെട്ടു. ഒപ്പം ജില്ലാ പഞ്ചായത്തുൾപ്പെടെ തദ്ദേശസ്ഥാപനങ്ങളും എസ‌്എസ‌്എയും ആദിവാസി വിദ്യാർഥി പഠനകേന്ദ്രീകൃത പദ്ധതികൾ ആവിഷ‌്കരിച്ചു. പി കെ ശ്രീമതി എംപികൂടി ഇടപെട്ട‌് ആറളം ഫാം ആദിവാസി പുനരധിവാസമേഖലക്കാവശ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കായി സർക്കരിനെ സമീപിച്ചു. ഒപ്പം എംപി ഫണ്ടിൽ ആറളം ഫാം ഗവ. ഹൈസ‌്കൂൾ നവീകരണത്തിന‌് നാനാതരം പദ്ധതികൾ നടപ്പാക്കി. ബഹുമുഖ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഏജൻസികളും പൊതുസമൂഹവും ആദിവാസി രംഗത്ത‌് കഴിഞ്ഞ മൂന്ന‌് കൊല്ലക്കാലം നടത്തിയ കേന്ദ്രീകരിച്ച തുടർപ്രവർത്തനങ്ങളിൽ ആദിവാസി സമൂഹം വിദ്യാഭ്യാസരംഗത്ത‌് കർമനിരതമാവുകയാണ‌്. സ‌്കൂളുകളിൽ കൊഴിഞ്ഞുപോക്ക‌് കുറഞ്ഞു. എസ‌്എസ‌്എൽസിക്ക‌് ഫാം ഗവ. ഹൈസ‌്കൂൾ തുടർച്ചയായി നൂറുമേനിയുടെ തിളക്കം കൈവരിച്ചു.ഒന്നാം ക്ലാസിലെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം പടിപടിയായി വർധിച്ചു.
വീടുകളിലെ പരിമിത സൗകര്യങ്ങളിൽനിന്ന‌് പെൺകുട്ടികളെ കുടുതൽ പഠനസൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്ക‌് മാറ്റി പാർപ്പിച്ച‌് സുരക്ഷിത ബോധം ഉറപ്പാക്കിയും കൗമാരപ്രശ‌്നങ്ങളിൽ അടക്കം അതത‌് ഘട്ടത്തിൽ ഇടപെട്ടും ഏല്ലാതരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയും പഠനം കൂടുതൽ സമഗ്രമാക്കാനാണ‌് പ്രീമെട്രിക്ക‌് ഹോസ‌്റ്റൽ നിർമിക്കുന്നത‌്. ഉപരി വിദ്യാഭ്യാസത്തിലേക്ക‌് ഇത്തരം കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനും ഹോസ‌്റ്റൽ പഠനം വഴി സാധിക്കുമെന്ന ലക്ഷ്യവുമുണ്ട‌്. കുടുംബപ്രശ‌്നങ്ങൾ കാരണം വീടുകളിൽ പഠനത്തിന‌് മാനസികാരോഗ്യം ലഭിക്കുന്നില്ലെന്ന‌് പല വിദ്യാർത്ഥിനികളും ഇതിനകം വിവിധ ഘട്ടങ്ങളിൽ അറിയിച്ചതിന്റെ പരിഹാരമായി കൂടിയാണ‌് ഹോസ‌്റ്റൽ സൗകര്യം ഒരുക്കാൻ സർക്കാരിന‌് പ്രേരണയായത‌്.
പട്ടികവർഗ ക്ഷേമവകുപ്പ‌് മുഖേന ആറളം ഫാമിൽ മോഡൽ റസിഡൻഷ്യൽ സ‌്കൂളും തുടങ്ങുകയാണ‌്. ഇതിനുള്ള സ്ഥലമെടുപ്പ‌് നേരത്തെ പൂർത്തിയാക്കി. നിർമാണപ്രവർത്തനത്തിന‌് നിലമൊരുക്കൽ നടക്കുകയാണ‌്.
അവശതകളെ കുടഞ്ഞെറിഞ്ഞ‌് ഉന്നതവിദ്യാഭ്യാസത്തിന്റെ മികവിലേക്ക‌് ആറളം ഫാം ആദിവാസിപുനരധിവാസമേഖല കുതിക്കുമ്പോൾ യുഡിഎഫ‌് സർക്കാർ കാലത്തെ അവഗണനകളുടെ കയ്‌പ്പും കണ്ണീരും ഒടുങ്ങിയതിന്റെ സമാശ്വാസത്തിലാണ‌് കാടിന്റെ മക്കൾ.









0 comments