പണവുമായി പോകുന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഉൗർജിതം

മട്ടന്നൂർ
പണവുമായി പോകുന്നയാളെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഓടിരക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാട്ടുകാർ സംഘത്തിലെ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആർഎസ്എസ്സുകാരാൻ കോളയാട് മേനച്ചോടിയിലെ അമ്പലപ്പറമ്പ് വിശ്വൻ (38), തൃശൂർ ചാലക്കുടിയിലെ സതീശൻ എന്ന സതീശ് സുബ്രൻ (23) എന്നിവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് നൽകിയയുടൻ അറസ്റ്റ് ചെയ്യും. ഓടിരക്ഷപ്പെട്ട രണ്ടുപേർ ഉളിയിൽ സ്വദേശി ആഷിഖ്, മാഹിയിലെ ദീപു എന്നിവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിൽനിന്ന‌് ലഭിച്ച വെടിയുണ്ടകൾ സംബന്ധിച്ചും ഇവർ തോക്ക് സൂക്ഷിക്കുന്നുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. വൻ കുഴൽപ്പണവേട്ട സംഘമാണ് പ്രതികളെന്നാണ് വിവരം.
ചാവശേരിയിലെ ഒരാൾക്ക് നൽകാൻ രണ്ടരലക്ഷം രൂപയുമായി വന്ന വടകര സ്വദേശി ടി വി ഹുസൈനെയാണ് ചാവശേരി പഴയപോസ്റ്റോഫീസിൽവച്ച് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. കാർ പത്തൊമ്പതാംമൈൽ, ചാവശേരിപറമ്പ് വഴി അമിത വേഗത്തിൽ പോവുകയും എതിരെവന്ന കാറിലും ബൈക്കിലുമിടിച്ച് ആട്ട്യലം റോഡരികിലെ കുഴിയിൽ വീഴുകയുമായിരുന്നു. സംഭവംകണ്ട് നാട്ടുകാർ എത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്തുടർന്ന് നാട്ടുകാർ രണ്ടുപേരെ പിടികൂടുയായിരുന്നു. സംഘത്തലവനായ വിശ്വൻ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം പ്രേമചന്ദ്രനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ്.









0 comments