ചികിത്സ: എംബിബിഎസ് ഇതര കേഡർ സൃഷ്ടിക്കാൻ കേന്ദ്രനീക്കം

കണ്ണൂർ
ചികിത്സയ‌്ക്കായി എംബിബിഎസ് ഇതര മെഡിക്കൽ ജീവനക്കാരുടെ കേഡർ രൂപീകരിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഈ കേഡറിലുള്ളവർക്ക‌് ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ പരിശോധനയ്ക്കും ഔഷധം കുറിയ്ക്കുന്നതിനും അനുമതി നൽകാനാണ‌് തീരുമാനം. ഇവർക്ക് ചികിത്സയ്ക്കായി ലൈസൻസ് അനുവദിക്കാൻ നാഷണൽ മെഡിക്കൽ കമീഷൻ ബില്ലിൽ ഭേദഗതി വരുത്താനുള്ള നിർദേശം അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും. ഗ്രാമീണപ്രദേശങ്ങളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഭേദഗതിയിൽ ചൂണ്ടിക്കാട്ടുന്നു. ബ്രിഡ്ജ് കോഴ്സിനുശേഷം ആയുഷ് വിഭാഗത്തിലെ പ്രാക്ടീഷണർമാർക്ക് അലോപ്പതി മരുന്നുകൾ നിർദേശിക്കാൻ അനുമതി നൽകാനുള്ള എൻഎംസിയുടെ വിവാദ ഉത്തരവ് പാർലമെന്ററി സ്റ്റാൻഡിങ് കൗൺസിൽ തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം.
രാജ്യത്തെ ആധുനിക ചികിത്സാ സംവിധാനങ്ങളെ പിന്നോട്ടു വലിക്കുന്ന നിർദേശത്തിനെതിരെ ഡോക്ടർമാർക്കിടയിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. ആരോഗ്യരംഗം വൻതോതിൽ വ്യാപാരവൽക്കരിക്കപ്പെട്ട സാഹചര്യത്തിൽ പുതിയ നിർദേശം ഈ മേഖലയിൽ ആശങ്കകൾക്കും ചർച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. മിഡ് ലെവൽ മെഡിക്കൽ പ്രാക്ടീഷണർ എന്നാണ് പുതിയ കേഡറിൽ ഉൾപ്പെടുന്നവരുടെ പേര്. എംബിബിഎസ് ഇതര മെഡിക്കൽ പ്രൊഫഷണലുകളായ നേഴ്സ്, ഡോക്ടർ അസിസ്റ്റന്റ‌്സ്, ഫാർമസിസ്റ്റ്, ഒപ്ട്രോമെട്രിസ്റ്റ് തുടങ്ങിയവരാണ് പട്ടികയിൽ വരിക. നാഷണൽ മെഡിക്കൽ കമീഷൻ നിർദേശിക്കുന്ന മരുന്നുകൾ രോഗികൾക്ക് നൽകാൻ ഇവർക്ക് അധികാരമുണ്ടാകും. പരിചയസമ്പന്നനായ ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയപോലെ നിർണായകമായ നടപടി ക്രമങ്ങളും ചെയ്യാം.
യുഎസ്, ചൈന, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിൽ സമാനമായ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നാണ് പുതിയ നീക്കത്തിന് നൽകുന്ന ന്യായീകരണം. ഇന്ത്യയെപ്പോലെയുള്ള രാജ്യത്ത് ഇത് തികച്ചും അപ്രായോഗികമായ പരീക്ഷണമായിരിക്കുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. ഇത് മുറിവൈദ്യന്മാർക്കും വ്യാജചികിത്സകർക്കുമുള്ള അംഗീകാരമാകും. സർക്കാർ പുനഃപരിശോധനയ്ക്ക് തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന 1:1000 എന്ന രോഗി‐ ഡോക്ടർ അനുപാതം ഇന്ത്യയിൽ 1: 1600 എന്ന നിരക്കിലാണ് എന്നാണ് പുതിയ നിർദേശത്തിന് കാരണമായി പറയുന്നത്. മിഡ് ലെവൽ മെഡിക്കൽ പ്രാക്ടീഷണർമാർക്ക് പരിശീലനം നൽകണമെന്നും നിർദേശത്തിലുണ്ട്. ഇത് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രാഥമിക ചികിത്സ, പ്രതിരോധ പ്രവർത്തനം എന്നിവയിൽ പുതിയ കേഡറിൽപ്പെട്ടവരുടെ സേവനം പരിഗണിക്കാമെന്നും ഭേദഗതിയിലുണ്ട്.









0 comments