Deshabhimani

കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരുവർഷത്തിനകം : മന്ത്രി വി അബ്ദുറഹ്മാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 12:35 AM | 0 min read

മട്ടന്നൂര്‍
കേരളത്തിലെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാഗമായ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിർമിക്കുമെന്ന്  മന്ത്രി വി അബ്ദുറഹ്മാൻ. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍  കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കിന്‍ഫ്രയുടെ സ്ഥലം സന്ദര്‍ശിച്ച്‌ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചർച്ചനടത്തും.
 ധാരാളം തീർഥാടകർ കണ്ണൂരിൽനിന്ന് ഹജ്ജിന് പോകുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികംപേർ   പോകുന്നുണ്ട്‌. അവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉംറ തീർഥാടകർക്കുകൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്. ഹജ്ജ്, ഉംറ അല്ലാത്ത മറ്റ് സമയങ്ങളിൽ പരിപാടികൾക്ക് വാടകയ്ക്ക് കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവള ചുറ്റുമതിലിനുള്ളിൽ മൂന്നാംഗേറ്റിന് സമീപം കുറ്റിക്കരയിലാണ് ഹജ്ജ് ഹൗസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. ഇവിടെ ഹജ്ജ് തീര്‍ഥാടകർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ, പ്രാർഥനാമുറി, ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ, ശുചിമുറികൾ, പരിപാടികൾക്കുള്ള ഹാൾ, ഹജ്ജ് കമ്മിറ്റി ഓഫീസുകൾ തുടങ്ങി ആവശ്യമായ എല്ലാ  സൗകര്യങ്ങളോടും കൂടിയ ഹജ്ജ് ഹൗസ് ഒരുക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ഇവിടേക്ക് വിമാനത്താവളത്തിന് പുറത്തുനിന്ന് അഞ്ചരക്കണ്ടി റോഡ് വഴിയും കണ്ണൂർ റോഡിൽനിന്ന് കാനാട് വഴിയും നേരിട്ട് എത്തിച്ചേരാൻ കഴിയും. കെ കെ ശൈലജ എംഎൽഎ, ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കിയാൽ എംഡി സി ദിനേശ് കുമാർ, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, വൈസ് പ്രസിഡന്റ് കെ അനില്‍കുമാര്‍, നഗരസഭാ ചെയര്‍മാന്‍ എൻ ഷാജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം രതീഷ്, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ റാഫി, ഒ വി ജാഫർ, അഡ്വ. മൊയ്തീൻകുട്ടി, ഷംസുദ്ദീൻ അരിഞ്ചിറ, പി ടി അക്ബർ, അഷ്‌കർ കോറാട്, നിസാര്‍ അതിരകം തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി.


deshabhimani section

Related News

0 comments
Sort by

Home