പാനൂർ നഗരസഭയിൽ മുസ്ലിം ലീഗിൽ തർക്കം

പാനൂർ
നഗരസഭാ വൈസ് ചെയർമാൻ സ്ഥാനാർഥിയെച്ചൊല്ലി മുസ്ലിംലീഗിൽ തർക്കം. നിലവിലെ സ്ഥിരംസമിതി ചെയർമാൻ ഉമൈസ തിരുവമ്പാടിയെ അടുത്ത പതിനൊന്നുമാസത്തേക്കുള്ള വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സ്ഥാനാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ ഒരു വിഭാഗം പാനൂർ ലീഗ് ഹൗസിൽ നടന്ന പാർലമെന്ററി യോഗത്തിലേക്ക് ഇരച്ചുകയറി. റൂഖ്സാന ഇഖ്ബാലിനെ സ്ഥാനാർഥിയായിയ തീരുമാനിച്ചതോടെ യായിരുന്നു പ്രതിഷേധവുമായി ഉമൈസ തിരുവമ്പാടിക്കുവേണ്ടി ഒരു വിഭാഗമെത്തിയത്. പ്രതിഷേധം കനത്തതോടെ അടുത്ത ചെയർമാൻ സ്ഥാനാർഥിയായി പരിഗണിക്കുമെന്ന ധാരണയിൽ അനുനയിപ്പിക്കുകയായിരുന്നു.
കഴിവും അനുഭവപരിചയവുമുള്ള ഉമൈസയെ തഴയാൻ കാരണം കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗിനുള്ളിലുള്ള ഗ്രൂപ്പും ലീഗിലെ ചില നഗരസഭാ കൗൺസിലർമാരുടെ ഭാഗത്തുനിന്നുമുണ്ടായ കടുത്ത എതിർപ്പുമാണ്. പാനൂർ നഗരസഭയിൽ നിലവിലുണ്ടായിരുന്ന വൈസ് ചെയർമാൻ കോൺഗ്രസിലെ പ്രീത അശോക് യുഡിഎഫിലെ മുൻ ധാരണപ്രകാരം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 40 അംഗ നഗരസഭയിൽ അഭിപ്രായവ്യത്യാസത്തിന്റെപേരിൽ ലീഗിലെ കെ സീനത്ത് പുല്ലൂക്കരയും തെരഞ്ഞെടുപ്പിനെത്തിയില്ല. 39ൽ 22 വോട്ടുകൾ നേടി റുഖ്സാന വൈസ് ചെയർമാനായി. എൽഡിഎഫിലെ ബിന്ദു മോനാറത്തിന് 14 വോട്ടും ബിജെപിയിലെ എ പി സാവിത്രി മൂന്നും വോട്ടുകൾ നേടി.









0 comments