നിരത്തുനിറഞ്ഞ്‌ കെഎസ്‌ആർടിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 11:29 PM | 0 min read

കണ്ണൂർ
സർവീസ്‌ നിർത്തിവച്ചതിനെത്തുടർന്ന്‌ നിരത്തൊഴിഞ്ഞ സ്വകാര്യബസുകൾക്ക്‌ പകരം പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സർവീസ്‌ ഏർപ്പെടുത്തി ജില്ലയിൽ കെഎസ്‌ആർടിസി ഡിപ്പോകൾ. ജില്ലാ കേന്ദ്രത്തിൽനിന്ന്‌ യാത്രക്കാർ ഏറെയുള്ള പയ്യന്നൂർ–- തളിപ്പറമ്പ്‌–-കണ്ണൂർ–- തലശേരി റൂട്ടിൽ  ദേശീയപാത വഴിയും മട്ടന്നൂർ–-ഇരിട്ടി, കൂത്തുപറമ്പ്‌ റൂട്ടിലും അധിക സർവീസ്‌ ഏർപ്പെടുത്തി.  യാത്രാതിരക്ക്‌ അനുസരിച്ച്‌ ഷെഡ്യൂൾ ക്രമീകരിക്കാൻ കണ്ണൂർ, -തളിപ്പറമ്പ്‌, പയ്യന്നൂർ, തലശേരി, മട്ടന്നൂർ, കൂത്തുപറമ്പ്‌, ഇരിട്ടി ബസ്‌സ്റ്റാൻഡുകളിൽ  പോയിന്റ്‌ ഡ്യൂട്ടി ജീവനക്കാരെ നിശ്‌ചയിച്ചിരുന്നു. ഇവർ തിരക്കനനുസരിച്ച്‌ ഷെഡ്യൂളുകൾ ക്രമീകരിച്ചു.  ദീർഘദൂര സർവീസിൽ ചിലത്‌ ജില്ല കേന്ദ്രീകരിച്ച്‌ പരമാവധി സർവീസ്‌ നടത്തിയത്‌  ഉപകാരമായി. 
   കണ്ണൂർ ഡിപ്പോയിൽനിന്ന്‌ അധിക ഷെഡ്യൂൾ ഏർപ്പെടുത്തി. അധികമായി ഏർപ്പെടുത്തിയ 12 ഷെഡ്യൂൾ ഇരിട്ടി, കൂത്തുപറമ്പ്‌, തലശേരി, തളിപ്പറമ്പ്‌ റൂട്ടുകളിൽ വിന്യസിച്ചു. തളിപ്പറമ്പ്‌–- പയ്യന്നൂർ, മട്ടന്നൂർ–- ഇരിട്ടി റൂട്ടിലും ഇടവേള കുറച്ച്‌ ബസുകൾ ഓടി. ഇരിട്ടിയിലേക്കും തിരിച്ചും ദേശീയപാതയിലും 10 മിനിറ്റ്‌ ഇടവേളയിലാണ്‌ കെഎസ്‌ആർടിസി ചൊവ്വാഴ്‌ച  സർവീസ്‌ നടത്തിയത്‌. ഇതോടെ സ്വകാര്യബസ്‌ സമരം ഈ റൂട്ടിൽ വലുതായി ബാധിച്ചില്ല. 
പയ്യന്നൂർ ഡിപ്പോയിൽനിന്ന്‌ തളിപ്പറമ്പ്‌, ചെറുപുഴ, ആലക്കോട്‌ എന്നിവിടങ്ങളിലേക്കും അധിക ട്രിപ്പുണ്ടായി. മലയോരത്തേക്ക്‌ നിലവിലുള്ള സർവീസിൽ ഒന്നുപോലും മുടക്കിയിരുന്നില്ല.  രാവിലെയും വൈകിട്ടും  അധിക സർവീസുകൾ ഏർപ്പെടുത്തിയും കോർപറേഷൻ ജനങ്ങൾക്ക്‌ തുണയായി. തലശേരിയിൽനിന്ന്‌ 54 ഷെഡ്യൂളും സർവീസ്‌ നടത്തി. ടൗൺ ടു ടൗൺ ഉൾപ്പടെ മുഴുവൻ ബസുകളും എല്ലാ സ്‌റ്റോപ്പുകളിലും യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനുമായി നിർത്താനും നിർദേശിച്ചു. 
    പൊലീസ്‌ അമിതപിഴ ചുമത്തി പീഡിപ്പിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു സ്വകാര്യബസ്സുടമകളുടെ  സർവീസ്‌ നിർത്തിവയ്‌ക്കൽ സമരം. ബസ്സുടമകൾ ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ പ്രകടനം നടത്തി.   
 ജനറൽ കൺവീനർ രാജ്‌കുമാർ കരുവാത്ത്‌, പി പി മോഹനൻ, പി കെ പവിത്രൻ, കെ പി മുരളീധരൻ, പി വി പത്മനാഭൻ, രജിമോൻ, ട്രേഡ്‌ യൂണിയൻ ഭാരവാഹികളായ വി വി പുരുഷോത്തമൻ, എൻ മോഹനൻ, കെ വി ശ്രീജിത്‌, എൻ പ്രസാദ്‌, ആലിക്കുഞ്ഞ്‌ പന്നിയൂർ എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home