ആറാംവർഷം സ്വയംപര്യാപ്‌തതയിലേക്ക്

കണ്ണൂർ
വൈവിധ്യവൽക്കരണത്തിലൂടെ മുന്നേറുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ. വായ്‌പ പുനക്രമീകരണത്തിലൂടെയും വരുമാനം കുത്തനെ വർധിപ്പിച്ചുമാണ് സ്വയംപര്യാപ്‌തതയിലേക്ക് നീങ്ങുന്നത്. നടത്തിപ്പ് ചെലവിനേക്കാൾ ഏതാണ്ട് 80 കോടി രൂപയുടെ അധികവരുമാനമാണ് ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നത്. ബാങ്കിങ് കൺസോർഷ്യത്തിൽനിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനുമായി (ആർഇസി) ധാരണയായതോടെയാണ് വായ്‌പക്കുരുക്കിൽനിന്ന് കരകയറിയത്. പലിശമാത്രമാണ് മുൻവർഷങ്ങളിൽ അടച്ചതെങ്കിൽ അഞ്ചുവർഷമായതിനാൽ മുതൽകൂടി അടയ്‌ക്കേണ്ട പ്രതിസന്ധിയിലായിരുന്നു കിയാൽ.മുൻവർഷങ്ങളിൽ 100–-110 കോടി രൂപയായിരുന്നു വരുമാനം. ഈ സാമ്പത്തികവർഷം 180 കോടിയിലെത്തും. എന്നാൽ, വായ്പയുടെ പലിശയോടൊപ്പം മുതൽകൂടി അടയ്‌ക്കേണ്ടതിനാൽ നില മെച്ചപ്പെടുത്താനായില്ല. ഈ സാഹചര്യത്തിലാണ് വായ്‌പ ക്രമീകരണത്തിന് ശ്രമിച്ചതും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനുമായി ധാരണപത്രത്തിൽ ഒപ്പിട്ടതും. ഇതനുസരിച്ച് ആർഇസി നൽകിയ 1171.17 കോടി രൂപയിൽനിന്ന് ബാങ്കിങ് കൺസോർഷ്യത്തിന് അടയ്‌ക്കാനുള്ള മുഴുവൻ വായ്‌പയും അടച്ചു.
സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവ ഉൾപ്പെട്ട ബാങ്കിങ് കൺസോർഷ്യത്തിൽനിന്നെടുത്ത വായ്‌പയിൽ 1,113 കോടിയാണ് തിരിച്ചടയ്‌ക്കാനുണ്ടായിരുന്നത്. 11 വർഷ കാലാവധിക്കകം തിരിച്ചടയ്‌ക്കണമെന്നായിരുന്നു വ്യവസ്ഥ. കോവിഡിൽ വായ്‌പതിരിച്ചടവ് പ്രതിസന്ധിയിലായി. എന്നാൽ വായ്‌പ പുനക്രമീകരണത്തിലൂടെ 11 വർഷ തിരിച്ചടവ് 21 ആയി ദീർഘിപ്പിച്ചതിനാൽ തിരിച്ചടവ് തുകയിൽ കുറവുവരും. പലിശയിൽ രണ്ടുശതമാനം കുറവും ലഭിക്കും. പലിശയും മുതലിന്റെ നിശ്‌ചിതവിഹിതവും കൂടിയായാലും 95 കോടിയോളം രൂപയേ അടയ്‌ക്കേണ്ടൂ. മറ്റ് എല്ലാ നടത്തിപ്പുചെലവും ഉൾപ്പെടെ 100–-110 കോടി രൂപയായിരിക്കും ആകെച്ചെലവ്.80 കോടി മിച്ചം വരുന്നത് തുടർവികസനത്തിന് ഉപയോഗിക്കാനാകുമെന്ന വലിയ നേട്ടവുമുണ്ട്.
യാത്രക്കാരുടെ വളർച്ചനിരക്കിലും മുന്നിൽ
കണ്ണൂർ വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണം കൂടുന്നു. ഒക്‌ടോബറിൽ രാജ്യാന്തര സർവീസിൽ 29.5 ശതമാനമാണ് കണ്ണൂരിൽനിന്നുള്ള യാത്രക്കാരുടെ വർധന. രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 18 ശതമാനമാണ് വർധന. കോഴിക്കോട് 13.3 ശതമാനവും കൊച്ചിക്ക് 6.1 ശതമാനവും വർധനയാണുണ്ടായതെന്ന് 2023 ഒക്ടോബറിലെ യാത്രക്കാരെ താരതമ്യപ്പെടുത്തി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കിലാണ് കണ്ണൂരിന്റെ വളർച്ചനിരക്ക് പ്രതിപാദിക്കുന്നത്.
ആഭ്യന്തര യാത്രക്കാരുടെ വർധനയിൽ രണ്ടാം സ്ഥാനവും കണ്ണൂരിനാണ്. 15.6 ശതമാനം വർധനയുമായി തിരുവനന്തപുരം ഒന്നാമതായപ്പോൾ 14.6 ശതമാനം വർധനയുമായാണ് കണ്ണൂർ രണ്ടാം സ്ഥാനത്തെത്തിയത്.അർധവാർഷിക കണക്കെടുപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധനയുണ്ടായി. 6.65 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. 5,560 സർവീസുകളുമുണ്ടായി
എസിഐ സർവേയിൽ രാജ്യത്ത് രണ്ടാം സ്ഥാനം
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ സർവീസ് ക്വാളിറ്റി സർവേയിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കണ്ണൂരിന് രണ്ടാംസ്ഥാനം. 4.99 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 4.98 പോയിന്റുമായാണ് കണ്ണൂർ തൊട്ടടുത്തെത്തിയത്. ഏഷ്യ- ഫസഫിക്ക് റീജണിലെ ഗുണമേന്മാ പുരസ്കാരവും ഉറപ്പായിട്ടുണ്ട്.
കലാ കായിക പരിപാടികൾ ഇന്ന്
ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കിയാലിലെയും വിവിധ ഏജൻസികളിലെയും ജീവനക്കാർ പങ്കെടുത്തുള്ള കലാ കായിക പരിപാടികൾ തിങ്കളാഴ്ച വിമാനത്താവളത്തിൽ അരങ്ങേറും. വടംവലി മത്സരവും നടക്കും.









0 comments