കണ്ണൂർ സിറ്റിയിൽ 7 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ
കണ്ണൂർ കോർപറേഷൻ പരിധിയിൽ വീണ്ടും തെരുവുനായ ആക്രമണം. ഏഴുപേർക്ക് കടിയേറ്റു. സിറ്റിയിൽ കൊച്ചിപ്പള്ളി, കോട്ടക്കുതാഴെ ഭാഗങ്ങളിലൂടെ നടന്നുപോവുന്നവർക്കാണ് വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ തെരുവുനായയുടെ കടിയേറ്റത്. ട്യൂഷന് പോകുകയായിരുന്ന അഞ്ചുകണ്ടിപറമ്പിലെ ഹവ (12), താഴെചൊവ്വ സ്വദേശി ആശിർ(36), സിറ്റി സ്വദേശികളായ അബ്ദുൾ വഹീദ്(34), മുഹമ്മദ് നിസാർ(62), അനസ്(14), ഹാരിസ് (62), സുരേഷ് (50) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
നടന്നുപോകുന്നതിനിടെയാണ് തെരുവുനായ ഓടിവന്ന് ഇവരെ കടിച്ചത്. കടിയേറ്റ അഞ്ചുപേർ ജില്ലാ ആശുപത്രിയിലും രണ്ടുപേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കുത്തിവയ്‌പ്പ് എടുത്തശേഷം നിരീക്ഷണത്തിലാക്കിയ ഇവരെ പിന്നീട് വീടുകളിലേക്ക് അയച്ചു. തെരുവുനായയെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തെരുവുനായ ആക്രമണം രൂക്ഷമായിട്ടും കോർപറേഷൻ അധികൃതർ നിസ്സംഗരായി നോക്കിനിന്നതാണ് വീണ്ടും ആക്രമണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
നവംബർ 27ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ 15 യാത്രക്കാരെ തെരുവുനായ കടിച്ചിരുന്നു. നഗരമധ്യത്തിൽ ഇത്രയുംപേർക്ക് ഒരു ദിവസം കടിയേറ്റിട്ടും തെരുവുനായകളെ നിയന്ത്രിക്കാൻ കേർപറേഷൻ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്തപ്രതിഷേധത്തിലാണ്. നായകളെ പിടിക്കാൻ ആളില്ലെന്ന വിചിത്രവിശദീകരണമായിരുന്നു കോർപ്പറേഷന്റേത്. പ്രതിഷേധം ശക്തമായതോടെ തെരുവുനായകളെ പിടിക്കാൻ തുടങ്ങിയെങ്കിലും പലയിടത്തും നായകൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും സിറ്റി, ആയിക്കര, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്.









0 comments