പുന്നോൽ പെട്ടിപ്പാലം ഉദ്യാനമാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 12:27 AM | 0 min read

തലശേരി
തലശേരി നഗരസഭയുടെ നേതൃത്വത്തിൽ പുന്നോൽ പെട്ടിപ്പാലത്തെ 80 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നു.   പെട്ടിപ്പാലം ഇനി സുന്ദരതീരമായി മാറും. മാലിന്യം നീക്കാൻ നഗരസഭ രണ്ടുമാസം മുമ്പ്‌ സ്വകാര്യ കമ്പനിയുമായി അഞ്ചുകോടിയുടെ കരാറുണ്ടാക്കിയിരുന്നു. മാലിന്യം നീക്കുന്നതിന്റെ ഭാഗമായി യന്ത്രം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഇനി പരീക്ഷണാടിസ്ഥാനത്തിൽ പ്രവൃത്തി തുടങ്ങും. 
പഴകിയ മാലിന്യം 12 ഇനമായി വേർതിരിച്ച്‌ വിവിധകേന്ദ്രങ്ങളിൽ കൊണ്ടുപോകും. പ്ലാസ്‌റ്റിക്‌ മാലിന്യം സിമന്റ്‌ ഫാക്‌ടറിയിലെത്തിച്ച്‌ സംസ്‌കരിക്കും. മുൻകാലത്ത്‌ മാലിന്യത്തിനുമേൽ മണ്ണിട്ട്‌ മൂടുന്നതായിരുന്നു രീതി. ഇത്തരത്തിൽ മൂടിയ മാലിന്യം കുഴിച്ചെടുത്ത്‌ വേർതിരിച്ച്‌ സംസ്‌ക്കരിക്കുകയും ഖനനംചെയ്യുന്ന മണ്ണ്‌ അവിടെത്തന്നെ നിക്ഷേപിക്കുകയുംചെയ്യും. 
മാലിന്യം നീക്കിയതിനുശേഷം പ്രദേശത്ത് ടർഫ്, പാർക്ക് എന്നിവയും കായിക പരിശീലനത്തിനുള്ള ഗ്രൗണ്ടും നിർമിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. തീരദേശ പരിപാലന നിയമത്തിന് കീഴിൽ വരുന്ന പ്രദേശമായതിനാൽ നിർമാണ പ്രവൃത്തിക്ക്‌ പരിമിതിയുണ്ട്.
നീക്കുന്നത്‌ 
അഞ്ചരയേക്കറിലെ 
നഗരമാലിന്യം
1927 മുതൽ 2012 വരെ കാലയളവിലാണ്  ഇവിടെ മാലിന്യം തള്ളിയത്. 144111 ക്യൂബിക് മീറ്റർ മാലിന്യം നീക്കേണ്ടി വരുമെന്ന് ജില്ലാ ശുചിത്വമിഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. നഗരസഭ എൻജിനിയറിങ് വിഭാഗം തുടർന്ന് നടത്തിയ പരിശോധനയിൽ 56.888 എം ക്യൂബിക്‌  മാലിന്യമുണ്ടെന്ന് കണ്ടെത്തി. എട്ട്‌ ഏക്കർ മാലിന്യ കേന്ദ്രത്തിൽ അഞ്ചര ഏക്കറിലാണ് മാലിന്യമുള്ളത്. ബയോമൈനിങ്ങിലൂടെയാണ് മാലിന്യം നീക്കുക. 
90 ദിവസത്തിനകം 
പൂർത്തിയാക്കും-–
കെ എം ജമുനാറാണി 
 എം സി കെ കുട്ടി എൻജിനിയറിങ് പ്രൊജക്ട് ലിമിറ്റഡുമായാണ് നഗരസഭ കരാറായത്. യന്ത്രങ്ങൾ സ്ഥാപിച്ച് മാലിന്യം നീക്കുന്ന പ്രവൃത്തി ആരംഭിച്ചാൽ 90 ദിവസത്തിനകം പൂർത്തിയാക്കാനാണ് കരാർ. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ മാത്രമേ മണ്ണ് നീക്കാൻ കഴിയുകയുള്ളൂ.

 



deshabhimani section

Related News

View More
0 comments
Sort by

Home