മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ 
ഇതൊന്നും വെറും ‘കളി’യല്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 12:18 AM | 0 min read

പേരാവൂർ
കളിക്കളത്തിൽനിന്ന്‌  ഉപജീവനത്തിലേക്ക്‌ എളുപ്പവഴിയുണ്ടോ...? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ്‌ ഫെെറ്റേഴ്‌സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്‌.  കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക് ജോലിക്കുള്ള പരിശീലനവും നൽകി കായിക മത്സരപ്പരീക്ഷകളിൽ മികച്ച വിജയത്തിനുള്ള വഴിയൊരുക്കിയാണ്‌ മോർണിങ്‌ ഫൈറ്റേഴ്‌സ്‌ ജീവിതവഴി സുരക്ഷിതമാക്കുന്നത്‌.  
      റിട്ട. പൊലീസ്‌ ഇൻസ്പെക്ടറായ എം സി കുട്ടിച്ചനാണ് മോർണിങ്‌ ഫൈറ്റേഴ്‌സിന്റെ  മുഖ്യപരിശീലകൻ. 2018മുതലിങ്ങോട്ട്‌ അയ്യായിരത്തിലേറെ കുട്ടികൾ ഇവിടെനിന്ന്‌ പരിശീലനംനേടി. ഇതരസംസ്ഥാനത്തുനിന്നും ലക്ഷദ്വീപിൽനിന്നും പരിശീലനത്തിനെത്തിയവരുമുണ്ട്‌. മിലിട്ടറി, പൊലീസ് സേനകളിലായി 650ലേറെപേർക്ക്‌ ഇതുവരെ ജോലി നേടാനായി. കേന്ദ്രസേനയിൽ  നിരവധി  തസ്‌തികകളിലും ഇവിടെനിന്ന്‌ പരിശീലനം ലഭിച്ചവർ  നേരിട്ടെത്തി. സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ തസ്‌തികയിലും ഒരാളെത്തി.  തികച്ചും സൗജന്യ പരിശീലനം നൽകുന്ന ഇവിടെ പാവപ്പെട്ടവർക്ക് സൗജന്യ താമസസൗകര്യവുമുണ്ട്. 
75 പേരാണ്‌ താമസിച്ച്‌ പരിശീലിക്കുന്നത്‌. 12 മുതൽ 23 വയസുവരെയുള്ള മുന്നൂറോളം ആൺകുട്ടികളും പെൺകുട്ടികളും രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയുമായി പരിശീലനം നേടുന്നു. പ്രളയദുരന്തത്തിലും  വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിലും സഹായവുമായി അക്കാദമിയുടെ ഭാഗമായി രൂപീകരിച്ച ദുരന്തനിവാരണസേന സജീവമായിരുന്നു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നൽകുന്ന ചിട്ടയായ പ്രവർത്തനങ്ങളാണ്‌ അക്കാദമിയുടെ വിജയമെന്ന്‌ എം സി കുട്ടിച്ചൻ  പറയുന്നു.  നന്നായി പരിശീലിച്ചാൽ കൂടുതൽപേർക്ക്‌ ലക്ഷ്യപ്രാപ്തിയിലെത്താമെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home