അർഹര്‍ക്ക് സഹായം ഉറപ്പാക്കും: മന്ത്രി കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 11:34 PM | 0 min read

മട്ടന്നൂർ
മട്ടന്നൂർ മണ്ഡലത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായവർക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധി മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസ സഹായം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ അനുവദിക്കുമെന്നും നിയമസഭയിൽ കെ കെ ശൈലജ എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. 
 ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശക്തമായ മഴയിലും പ്രകൃതിക്ഷോഭത്തിലും വീടും മറ്റ് ജീവനോപാദികളും  നഷ്ടമായവർക്ക്  ദുരിതാശ്വാസ സഹായം അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. മട്ടന്നൂർ മണ്ഡലത്തിൽ പൂർണനാശം സംഭവിച്ച 11 വീടുകൾക്കും ഭാഗികമായി നാശം സംഭവിച്ച 393 വീടുകൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട്. കൃഷിനാശമുണ്ടായ മേഖലകളിൽ  പരിശോധന നടത്തി പോഷകങ്ങൾ വീണ്ടെടുക്കുന്നതിന് പദ്ധതി തയാറാക്കാനും മണ്ണൊലിപ്പുമൂലം തകർന്ന കിണർ, തോട്, വയൽ, കുളം എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കൃഷിവകുപ്പിൽനിന്ന് സമിതിയെ നിയോഗിച്ചു. കൃഷിനാശം സംഭവിച്ച മട്ടന്നൂർ, കൂടാളി, കീഴല്ലൂർ, കോളയാട്, മാലൂർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം കൃഷിഭവനുകളുടെ പരിധിയിലെ  23 കർഷകർക്ക് 18,32,189 രൂപ നഷ്ടപരിഹാരം അനുവദിക്കുന്നതിന് കൃഷിവകുപ്പ് നടപടി സ്വീകരിച്ചു.  
 എസ്ഡിആർഎഫും സിഎംഡിആർഎഫും ചേർന്നുള്ള പദ്ധതിയിൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് പരമാവധി 10 ലക്ഷം രൂപയും നൽകും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടാനാവശ്യമായ നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകുന്നതിനൊപ്പം ആവശ്യമെങ്കിൽ പ്രസ്തുത പ്രദേശങ്ങളിൽ  അദാലത്ത്‌ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home