പ്രതിസന്ധിയൊഴിയുന്നു കണ്ണൂർ വിമാനത്താവളം സ്വയംപര്യാപ്‌തതയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 12:10 AM | 0 min read

കണ്ണൂർ
വായ്‌പാ പുനക്രമീകരണത്തിലൂടെയും വരുമാനം കുത്തനെ വർധിപ്പിച്ചും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമ്പനി (കിയാൽ) സ്വയംപര്യാപ്‌തതയിലേക്ക്‌.  നടത്തിപ്പ്‌ ചെലവിനേക്കാൾ ഏതാണ്ട്‌ 80 കോടി രൂപയുടെ അധികവരുമാനം ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നു. ബാങ്കിങ് കൺസോർഷ്യത്തിൽനിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ  റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനുമായി (ആർഇസി)  ധാരണാപത്രത്തിൽ ഒപ്പിട്ടതോടെയാണ്‌ വായ്‌പാക്കുരുക്കിൽനിന്ന്‌ കരകയറുന്നത്‌. പലിശമാത്രമാണ്‌ മുൻവർഷങ്ങളിൽ അടച്ചതെങ്കിൽ അഞ്ച്‌ വർഷമായതിനാൽ മുതൽകൂടി അടയ്‌ക്കേണ്ടിവരുമെന്ന പ്രതിസന്ധിയിലായിരുന്നു കിയാൽ.
 ആദ്യഘട്ടം വരുമാനം  വർധിപ്പിക്കാൻ നടപടിയെടുത്തു. മുൻവർഷങ്ങളിൽ 100–-110 കോടി രൂപയായിരുന്ന വരുമാനം. ഈ സാമ്പത്തിക വർഷം 180 കോടിയിലെത്തും. എന്നാൽ, വായ്പയുടെ പലിശയോടൊപ്പം മുതൽകൂടി അടയ്‌ക്കേണ്ടതിനാൽ  നില മെച്ചപ്പെടുത്താനായില്ല. ഈ സാഹചര്യത്തിലാണ്‌ വായ്‌പാ ക്രമീകരണത്തിന്‌ ശ്രമിച്ചതും  ധാരണാപത്രത്തിൽ ഒപ്പിട്ടതും. ഇതനുസരിച്ച്‌ ആർഇസി നൽകിയ  1171.17 കോടി രൂപയിൽനിന്നും ബാങ്കിങ് കൺസോർഷ്യത്തിന്‌ അടയ്‌ക്കാനുള്ള മുഴുവൻ വായ്‌പയും അടയ്‌ക്കും. 
  സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവ ഉൾപ്പെട്ട ബാങ്കിങ് കൺസോർഷ്യത്തിൽനിന്നെടുത്ത വായ്‌പയിൽ 1113 കോടിയാണ്‌ തിരിച്ചടയ്‌ക്കാനുള്ളത്‌. 11 വർഷ കാലാവധിക്കകം തിരിച്ചടയ്‌ക്കണമെന്നായിരുന്നു വ്യവസ്ഥ. കോവിഡിൽ  വായ്‌പാ തിരിച്ചടവ്‌  പ്രതിസന്ധിയിലായി.
  11വർഷ തിരിച്ചടവ്‌  21–-ായി ദീർഘിപ്പിച്ചതിനാൽ തിരിച്ചടവ്‌ തുകയിൽ കുറവുവരും. പലിശയിൽ രണ്ട്‌ ശതമാനം കുറവുമുണ്ട്‌.  ഇനി പലിശയും മുതലിന്റെ നിശ്‌ചിതവിഹിതവും കൂടിയായാലും  95 കോടിയോളം രൂപയേ അടയ്‌ക്കേണ്ടൂ. മറ്റ്‌ എല്ലാ നടത്തിപ്പുചെലവും ഉൾപ്പെടെ 100–-110  കോടി രൂപ യായിരിക്കും ആകെച്ചെലവ്‌. 
 80 കോടിയോളം മിച്ചംവരുന്നത്‌ തുടർവികസനത്തിന്‌ ഉപയോഗിക്കാനാകുമെന്ന നേട്ടമുണ്ട്‌.  ഹോട്ടൽ, കൺവൻഷൻ സെന്റർ, പെട്രോളിയം ഔട്ട്‌ലെറ്റ്‌, സോളാർ പാടം തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിലുള്ള അനുബന്ധപദ്ധതികളാണ്‌  നടപ്പാക്കുക. ഇതോടെ കിയാൽ സ്വയംപര്യാപ്‌തത നേടുമെന്ന്‌  എംഡി സി ദിനേഷ്‌കുമാർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home