കാവുംപടി സിഎച്ച്എമ്മില്‍ ചേരിതിരിഞ്ഞ് സംഘർഷം: വിദ്യാര്‍ഥിക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:49 PM | 0 min read

മട്ടന്നൂര്‍
തില്ലങ്കേരി കാവുംപടി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയർ സെക്കന്‍ഡറി സ്കൂളിൽ ജൂനിയർ, സീനിയർ വിദ്യാർഥികള്‍ ചേരിതിരിഞ്ഞ് സംഘർഷം.  പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്കൂളിൽനിന്ന് തുടങ്ങിയ സംഘർഷം കാവുംപടി ടൗണിലേക്കും വ്യാപിച്ചു.  മർദനമേറ്റ പ്ലസ്‌വൺ വിദ്യാർഥി തില്ലങ്കേരി വടക്കേക്കര ഹൗസില്‍ മുഹമ്മദ് ഷാനിഫിനെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ റാഗിങ്‌വിരുദ്ധ നിയമപ്രകാരം പൊലീസ് കേസെടുത്തു.
ഷൂ ധരിച്ചതും മുടിമുറിച്ചതും ഷർട്ടിന്റെ ബട്ടൺസ് ഇട്ടതും ചോദ്യംചെയ്താണ് സീനിയർ വിദ്യാർഥികൾ ആക്രമിച്ചതെന്ന് ഷാനിഫ്  മുഴക്കുന്ന് പൊലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞു.  കേസെടുത്ത വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്‌പെൻഡ്‌ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. നേരത്തെയും മൂന്നുതവണ   സംഘർഷമുണ്ടായത്‌  സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാല്‍ വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ്  നടപടി സ്വീകരിച്ചത്. 
 സ്കൂളിലെ ഒരുപറ്റം വിദ്യാർഥികളുടെ മോശമായ ഇടപെടലും  നവാഗതരെ ആക്രമിക്കുന്നതും രക്ഷിതാക്കൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്.   മാനേജ്മെന്റ് സ്കൂളുകളില്‍   രാഷ്ട്രീയ സ്വാതന്ത്ര്യം നിരോധിക്കുന്നതും വിദ്യാര്‍ഥികള്‍ക്കിടയില്‍ അരാജകത്വമുണ്ടാക്കുന്നു.   മട്ടന്നൂര്‍, പട്ടാന്നൂര്‍, കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കോടതിയില്‍നിന്ന് അനുകൂല വിധിവാങ്ങി  മാനേജ്മെന്റ് രാഷ്ട്രീയ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home