മട്ടന്നൂരിലെ പ്രളയക്കെടുതി അടിയന്തര സഹായം ലഭ്യമാക്കണം: കെ കെ ശൈലജ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 12:04 AM | 0 min read

മട്ടന്നൂര്‍
കനത്തമഴയിലും കണ്ണവം വനത്തിലെ  ഉരുൾപൊട്ടലിലും മട്ടന്നൂര്‍ മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ ആവശ്യപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. 84 വീട്‌ പൂര്‍ണമായും അഞ്ചൂറിലേറെ വീട്‌ ഭാഗികമായും തകര്‍ന്നു. വെള്ളംകയറി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചു. മണ്ഡലത്തിലാകെ 10 ക്യാമ്പുകളിലായി ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളും പാലങ്ങളും സ്‌കൂള്‍ കെട്ടിടവും ഉൾപ്പെടെ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ നാശമുണ്ടായി. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളില്‍ പാലങ്ങള്‍ ഒലിച്ചുപോയി. ഏക്കര്‍ക്കണക്കിന് കൃഷിഭൂമി വെള്ളംകയറി നശിച്ചതിനൊപ്പം  വളര്‍ത്തുമൃഗങ്ങളും ഒലിച്ചുപോയി. പ്രളയക്കെടുതിക്ക് അടിയന്തിര ധനസഹായം അനുവദിക്കുന്നതിന്‌ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.  ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. മണ്ഡലത്തിന്റെ സമഗ്ര പുനരധിവാസത്തിന്‌ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home