പ്രതികളെ സഹായിച്ചവർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 11:53 PM | 0 min read

പാപ്പിനിശേരി
വളപട്ടണം എസ്ഐയെ ടിപ്പർ ലോറിയിടിപ്പിച്ച് കൊല്ലാൻശ്രമിച്ച മണൽ മാഫിയകൾക്ക് ഒളിത്താവളമൊരുക്കിയ രണ്ടുപേർ അറസ്‌റ്റിൽ. മയ്യിൽ നണിയൂർനമ്പ്രത്തെ എം മൊയ്‌തീൻകുട്ടി (38), കമ്പിൽ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ (24) എന്നിവരെയാണ് വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റുചെയ്‌തത്. 
 കഴിഞ്ഞ മാസം 25ന് പുലർച്ചെ നാലോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. പാപ്പിനിശേരി പാറക്കൽ ഭാഗത്ത് മണൽവാരലും കടത്തലുമുണ്ടെന്ന വിവരത്തെ തുടർന്നാണ്  എസ്ഐ ടി എൻ വിപിനും സിപിഒ കിരണുമെത്തിയത്.  പൊലീസ് വാഹനം കണ്ടാൽ തിരിച്ചറിയുമെന്നതിനാൽ  സ്കൂട്ടറിലാണ് പാറക്കലിലേക്ക് പോയത്. പൊലീസാണെന്ന് തിരിച്ചറിഞ്ഞ മാഫിയാസംഘം മണൽ കയറ്റിയ ലോറി സ്‌കൂട്ടറിൽ ഇടിപ്പിച്ചു. എസ്ഐയും പൊലീസുകാരനും തെറിച്ചുവീണു. രണ്ടുപേർക്കും പരിക്കേറ്റു. മണൽമാഫിയ സംഘത്തിലെ റാസിക്കും റാസിഫുമായിരുന്നു കൊല്ലാൻ ശ്രമിച്ചത്. എസ്ഐയും പൊലീസുകാരനും വീണതോടെ ലോറി ഉപേക്ഷിച്ച്‌ ഇരുവരും റാസിക്കിന്റെ കാറിൽ കയറി രക്ഷപ്പെട്ടു. പിന്നീട് മൊയ്തീൻകുട്ടിയും മുഹമ്മദ്‌ സിനാനുമെത്തിയാണ് മണൽ ലോറി മാറ്റിയത്. ആദ്യം നണിയൂരിലെ കശുമാവിൻ തോട്ടത്തിൽ മണൽലോറി ഒളിപ്പിച്ചു. പൊലീസ് മനസ്സിലാക്കിയെന്ന സൂചന ലഭിച്ചതോടെ മറ്റൊരുസ്ഥലത്തേക്ക് മാറ്റി.
റാസിക്കിന്റെ സ്വിഫ്റ്റ് കാറിൽ രക്ഷപ്പെട്ട റാസിക്കിനെയും റാസിഫിനെയും മൊയ്തീൻകുട്ടിയും മുഹമ്മദ് സിനാനും ചേർന്നാണ് തളിപ്പറമ്പിലെ  വീട്ടിൽ ഒളിവിൽ പാർപ്പിച്ചത്. വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിയതോടെ യാണ് പ്രതികളെ  വീട്ടിൽ താമസിപ്പിച്ചത്. പൊലീസ് പിന്തുടരുന്നതായി മനസ്സിലായതോടെ ഇവരെ വീണ്ടും മറ്റൊരു  വീട്ടിലേക്ക് മാറ്റി. കഴിഞ്ഞദിവസം പുലർച്ചെ നണിയൂരിൽനിന്ന്‌ മൊയ്‌തീൻകുട്ടിയേയും  തളിപ്പറമ്പിൽവച്ച് മുഹമ്മദ് സിനാനെയും പിടിച്ചു. എസ്‌ഐ വിപിൻ, എഎസ്ഐ ബാബു, സിപിഒ കിരൺ എന്നിവരും ഇവരെപിടിച്ച സംഘത്തിലുണ്ടായിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home