അവരെഴുതി ഓർമകളിലെ ചരിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 11:47 PM | 0 min read

ഇരിട്ടി
ജീവിക്കുന്ന നാടിന്റെ ചരിത്രം എഴുതുകയാണ് അവർ. എഴുതിവച്ച ചരിത്രപുസ്തകങ്ങളില്ല, മുതിർന്ന തലമുറയുടെ വാക്കുകളിൽ ചരിത്രത്തെ കണ്ടെടുക്കുകയാണ് ഈ വിദ്യാർഥികൾ. ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ്‌ എൻഎസ്‌എസ്‌ വളന്റിയർമാരാണ് മുതിർന്ന പൗരന്മാരിയിൽനിന്ന്‌ നാടിന്റെ ചരിത്രം കേൾക്കുന്ന ‘കാതോരം’ പദ്ധതിക്ക് തുടക്കമിട്ടത്. മുതിർന്നവരെ നേരിൽകണ്ട്‌ ബാല്യ, കൗമാരകാലത്തെ നാടിന്റെ സാമൂഹ്യഘടനയും ചരിത്രവും വർത്തമാനവും പകർത്തുകയാണവർ.  അയൽപക്ക വീടുകൾ മുതൽ ക്യാമ്പസ് പരിസരത്തെ വീടുകൾ അടക്കം നൂറുകണക്കിന്‌ വീടുകളാണ് പദ്ധതിയിലുൾപ്പെടുന്നത്.  ജീവിതസായന്തനത്തിൽ ഒറ്റപ്പെട്ടവരെ കണ്ട്‌ അനുഭവങ്ങൾ പങ്കിട്ട  ‘കാതോരം’ വീട്‌ സമ്പർക്ക പരിപാടി വിദ്യാർഥികൾക്കും വിലപ്പെട്ട അനുഭവമായി. 
   വീടുകളിൽനിന്നും ലഭിച്ച നാടിന്റെ ചരിത്രം ഉൾപ്പെടുത്തി കൈയെഴുത്ത്‌ മാസിക പുറത്തിറക്കി. ‘കൂട്ടിരുന്ന്‌’ ബാല്യസൗഹൃദ പ്രവർത്തനമാണ്‌ എൻഎസ്‌എസ്‌ ഏറ്റെടുത്ത മറ്റൊരു ദൗത്യം. മൊബൈൽഫോൺ ഉപയോഗത്തിൽ കേന്ദ്രീകരിക്കുന്ന കുട്ടികളെ വായനയിലേക്ക്‌ നയിക്കലായിരുന്നു ലക്ഷ്യം. എൽപി, യുപി വിദ്യാർഥികളെ വീടുകളിലെത്തി കണ്ട് കഥാപുസ്തകങ്ങൾ വായിച്ച്‌ കേൾപ്പിച്ച് ആസ്വാദന അനുഭവം പറയിപ്പിച്ചും വായനയിലേക്ക്‌ അവരെ എത്തിച്ചു. 
രക്ഷിതാക്കളും എൻഎസ്‌എസ് ഉദ്യമത്തെ പിന്തുണച്ചതായി പ്രോഗ്രാം ഓഫീസർമാരായ എം അനുപമ, ഇ രജീഷ്‌ എന്നിവർ പറഞ്ഞു. എ വി സിനാൻ, പി എം ഷാലിമ, എം മീര, കെ വി സാന്ദ്ര, സി ഷാനിമ, വിനുപ്രിയ, ഏയ്ഞ്ചൽ, യദുകൃഷ്ണ, അഖിൽ എന്നിവരാണ്‌ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌. 


deshabhimani section

Related News

View More
0 comments
Sort by

Home