കെഎസ്ഇബി ജീപ്പ് 
വെള്ളക്കെട്ടിൽ മുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 12:19 AM | 0 min read

പാനൂർ
കെഎസ്‌ഇബി ജീപ്പ്‌ വെള്ളക്കെട്ടിൽ മുങ്ങിയപ്പോൾ ജീവനക്കാർക്ക്‌ രക്ഷകരായത്‌ പാനൂർ അഗ്‌നിരക്ഷാസേന. വെള്ളിയാഴ്‌ച പുലർച്ചെ നാലിനാണ്‌ പാനൂർ സെക്ഷനിലെ  ജീവനക്കാരായ പാതിരിയാട് വാളാങ്കിച്ചാൽ കുഞ്ഞിപ്പറമ്പത്ത് അശോകൻ (55),  പൊന്ന്യം വെസ്റ്റ് കുണ്ടുചിറയിൽ കല്ലൻകുനിയിൽ അനീഷ് (46), ഡ്രൈവർ കൂത്തുപറമ്പ് നരവൂർ വലിയവീട്ടിൽ വിജേഷ് (42) എന്നിവർ അപകടത്തിൽപ്പെട്ടത്‌. ചമ്പാട് മേഖലയിലെ ചില ഭാഗങ്ങളിൽ വൈദ്യുതിയില്ലെന്ന്‌ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു ഇവർ. 
   മീത്തലെചമ്പാട് മനയത്ത് വയൽഭാഗത്തെ റോഡിൽ കെട്ടിനിന്ന വെള്ളത്തിലൂടെ ഓടിച്ചുപോകുന്നതിനിടെ കനത്ത കുത്തൊഴുക്കിൽപ്പെട്ട്‌ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന്‌,  റോഡിനോടു ചേർന്ന ചാലിലേക്ക്‌ വാഹനം മറിയുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയർന്ന്‌ ജീപ്പ്‌ മുങ്ങിത്തുടങ്ങിയതോടെ ജീവനക്കാർ മുകളിലെ കമ്പിയിൽ തൂങ്ങിനിന്നു. 
ബഹളംകേട്ടുണർന്ന സമീപവാസികളായ രാജനും രജനിയും  പാനൂർ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ എത്തി മൂവരെയും റബർടിങ്കിയിൽ കയറ്റി രക്ഷപ്പെടുത്തി. സീനിയർ ഫയർ ഓഫീസർ കെ സുനിൽകുമാർ, ടി ടി പ്രജീഷ്, എൻ കെ രഞ്ജിത്‌, അഖിൽ, എൻ ടി പ്രലേഷ്, സരുൺലാൽ എന്നിവരാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home