കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ അവഗണന: എൽഡിഎഫ്‌ പ്രക്ഷോഭത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2023, 12:21 AM | 0 min read

കണ്ണൂർ 
വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന സർവീസിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  പ്രക്ഷോഭം ആരംഭിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ എട്ടിന്‌ രാവിലെ പത്തിന്‌ മട്ടന്നൂരിൽ ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുക്കുന്ന ബഹുജന സദസ്സ് സംഘടിപ്പിക്കും. 
വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ കൂടുതലുള്ള പ്രദേശമാണ് വടക്കൻ മലബാർ. കുടക് പ്രദേശത്തെ   ജനങ്ങളും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നു. ഇവർക്കെല്ലാം ആശ്രയിക്കാമെന്നതിനാലാണ്‌  എൽഡിഎഫ്‌ സർക്കാർ കണ്ണൂരിൽ വിമാനത്താവളത്തിന് തുടക്കം കുറിച്ചത്. ഏറ്റവും വലിയ റൺവെ അടക്കമുള്ള സൗകര്യങ്ങൾ  ഒരുക്കി.  റൺവേ ദീർഘിപ്പിക്കാനും ആലോചിക്കുന്നുണ്ട്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന് സഹായകരമായ നിലപാടല്ല കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിദേശ വിമാനങ്ങൾ സർവീസ് തുടങ്ങിയാലേ   ഉദ്ദേശിക്കുന്ന നിലയിൽ ഉപയോഗപ്രദവും ലാഭകരവുമാവുകയുള്ളൂ. ചില വിദേശ രാജ്യങ്ങളും വിമാനക്കമ്പനികളും സർവീസ് നടത്താനുള്ള അനുവാദത്തിനായി കേന്ദ്ര സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. എന്നിട്ടും അനുമതി നൽകാതെ നിഷേധ നിലപാട് സ്വീകരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഇപ്പോഴും നേരിട്ട്‌ സർവീസ് ഇല്ല. അതും  വികസനത്തിന് തടസ്സമാവുന്നുണ്ട്. 
മലബാറിലെയും, കുടക് അടക്കമുള്ള മേഖലയിലെയും കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള  സാധ്യതയുണ്ടെങ്കിലും അതിനുള്ള സൗര്യങ്ങളും ഇപ്പോഴില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യത പൂർണമായും ഉപയോഗപ്പെടുത്താൻ ആവശ്യമായ അനുവാദവും പദ്ധതികളും കേന്ദ്ര സർക്കാർ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.  
യോഗത്തിൽ സി പി സന്തോഷ് കുമാർ അധ്യക്ഷനായി. എം വി ജയരാജൻ, വി കെ ഗിരിജൻ, ബാബുരാജ് ഉളിക്കൽ, കെ സുരേശൻ, പി കുഞ്ഞിക്കണ്ണൻ, കെ കെ ജയപ്രകാശ്, ഇ പി ആർ വേശാല, ഹമീദ് ചെങ്ങളായി, ജോജി ആനിത്തോട്ടം, കെ പി അനിൽ കുമാർ, ജോസ് ചെമ്പേരി, രതീഷ് ചിറക്കൽ, കെ സി ജേക്കബ് , പി പി അനന്തൻ, എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home