നേച്ചർ ഫിലിം ഫെസ്റ്റിവൽ 25 മുതൽ മൂന്നാറിൽ

മൂന്നാർ
ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 25, 26, 27 തീയതികളിൽ മൂന്നാറിൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ നടക്കും. സംസ്ഥാനത്തെ വിവിധ കോളേജുകൾ, സ‌്കൂളുകൾ എന്നിവിടങ്ങളിൽനിന്നും 150 ഓളം വിദ്യാർഥികൾ പങ്കെടുക്കും.
കുട്ടികൾ നിർമിച്ച 40 ഹൃസ്വ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത‌് സംഘടിപ്പിക്കുന്ന ആദ്യത്തെ ഫിലിം ഫെസ്റ്റിവലാണെന്ന് സംഘാടകർ പറഞ്ഞു. വിദേശത്തുനിന്നുള്ള നിർമാതാക്കളും സിനിമാ സംവിധായകരും മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുക്കും. എല്ലാ ദിവസവും സെമിനാറുകളും കലാ സന്ധ്യകളും ഉണ്ടാകും. 25 ന് വൈകിട്ട് അഞ്ചിന് മൂന്നാറിന്റെ പാരമ്പര്യം വിളിച്ചോതുന്ന ദൃശ്യാവിഷ‌്കാരങ്ങളോടുകൂടിയുള്ള ഘോഷയാത്രയോടെ മേള ആരംഭിക്കും. പരിപാടിയുടെ നടത്തിപ്പിന‌് എസ് രാജേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ മൂന്നാറിൽ യോഗം ചേർന്നു.
സിനിമാ സംവിധായകൻ ജയരാജ് ഫെസ്റ്റിവലിനെകുറിച്ച‌് വിശദീകരിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ(രക്ഷാധികാരി), കെ കെ വിജയൻ(കൺവീനർ) എന്നിവർ ഭാരവാഹികളായി മൂന്നാറിലെ വിവിധ സംഘടനകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ‌് സ്വാഗതസംഘം രൂപീകരിച്ചത‌്.









0 comments