ചന്ദന വിത്തുകൾ ഇനി മുതൽ മറയൂരിൽനിന്നും ലഭിക്കും

മറയൂർ
വീട്ടുമുറ്റത്ത് ഒരു ചന്ദനമരം നിൽക്കുന്നത് അഭിമാനമായി കരുതുന്നവരാണ് ഭൂരിഭാഗംപേരും. ചന്ദനമരത്തിന്റെ മൂല്യവും രാജകീയമായ പ്രൗഡിയും സുഗന്ധവുമാണ് തൈലത്തിന്റെ അന്തർ ദേശീയ പ്രസക്തി വർധിപ്പിക്കുന്നത‌്. ചന്ദന തൈകൾ തേടി മറയൂരിൽ എത്തുന്നവർക്ക‌് ഇനി വെറുംകൈയോടെ മടങ്ങണ്ട. 11 റിസർവുകളിലായി 13 സ്ക്വയർ കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ചന്ദനക്കാട്ടിൽനിന്നും ശേഖരിക്കുന്ന വിത്തുകൾ വന സംരക്ഷണ സമിതികൾ മുഖേന വിൽപന നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട‌്.
മറയൂർ വികസന ഏജൻസിയുടെ അക്കൗണ്ടിൽ പണം അടച്ചശേഷം മറയൂരിലെത്തി ഇനി മുതൽ ആർക്കും വിത്തുകൾ ശേഖരിക്കാം. ശേഖരിക്കുന്ന ചന്ദനപഴങ്ങൾ വിത്തുകളാക്കി മാറ്റുന്നതിന് 70 രൂപ നൽകും. വന സംരക്ഷണ സമിതിക്ക് 50 രൂപയും വനവികസന സമിതിക്ക് 200 രൂപയും ചേർത്ത് ഒരു കിലോ വിത്തിന് 600 രൂപയ്ക്കാണ് വനംവകുപ്പ് വിൽക്കുന്നത്. വനവികസന സമിതിയുടെ പേരിൽ ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ തുക അടച്ച് റെയിഞ്ച‌് ഓഫീസർക്ക് അപേക്ഷ നൽകിയാൽ വിത്തും പാസും ലഭിക്കും. ഐഡബ്ല്യു, എസ‌്ടി ബാംഗലൂരു, കെഎഫ്ആർഐ, കർണ്ണാടക വനംവകുപ്പ്, തമിഴ്നാട് വനംവകുപ്പ്, മഹരാഷ്ട്രാ വനംവകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും മറയൂർ ചന്ദന വിത്തുകൾ വാങ്ങുന്നുണ്ട‌്. ഗുജറാത്തിലെ നിതിൻ പട്ടേൽ എന്നയാൾ നാല‌് വർഷമായി ചന്ദന പ്ലാന്റേഷൻ നടത്തി വരുന്നു. നാലു ചന്ദന മരങ്ങൾക്ക് നടുവിലായി കാറ്റാടി മരം വച്ചുപിടിപ്പിച്ചാണ് ഈ ഫാമിൽ ചന്ദനം വളർത്തിവരുന്നത്. വിപണിമൂല്യത്തിനുപുറമേ പരമ്പരാഗത കാഴ്ചപ്പാടുമാണ‌് ചന്ദമരത്തെ പൈതൃക സമ്പത്തായി കരുതാൻ കാരണം.
സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂരിൽനിന്നും വിത്തുകൾ കേരള ഫോറസ്റ്റ് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ടാണ‌് ശേഖരിച്ച‌് ചന്ദന തൈകൾ മുളപ്പിച്ച് വനംവകുപ്പിനുതന്നെ വിതരണം ചെയ്തുവന്നിരുന്നത‌്.
ചന്ദന തൈകൾക്കും ചെറിയ കഷ്ണങ്ങൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആവശ്യക്കാർ ഏറിയതോടെയാണ് പൊതുജങ്ങൾക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കിയത‌്. പുതിയ സർവെ പ്രകാരം മറയൂരിലെ ചന്ദനക്കാടുകളിൽ 59,000 ചന്ദന മരങ്ങളാണുള്ളത‌്. 10 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ വണ്ണമുള്ള മരങ്ങളെയാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുമ്പുനടന്ന സർവെയിൽ 60,164 മരങ്ങൾ ഉണ്ടായിരുന്നു. കാറ്റത്തുവീണും വന്യജീവികൾ മറിച്ചിട്ടും നിരവധി മരങ്ങൾ താഴെവീണു. ഇതിനുപുറമെ മാഫിയകളും വെട്ടിക്കടത്തുന്നു. സ്വാഭാവികമായി വളരുന്ന ചന്ദന മരത്തിന്റെ വളർച്ചക്ക് മാൻ, കാട്ടുപോത്ത് എന്നിവ തടസ്സമാകുന്നുണ്ടെന്നും വിദഗ‌്ധർ പറയുന്നു.









0 comments