വർഗീയതക്കെതിരെ പുതുചരിത്രമെഴുതി സമാനതകളില്ലാത്ത ഈ വിദ്യാർഥിമുന്നേറ്റം

തൊടുപുഴ
വർഗീയതക്കെതിരായ വിദ്യാർഥിമുന്നേറ്റത്തിന് പുതുചരിത്രമെഴുതിയ ധർണയ്ക്ക‌് തൊടുപുഴയിൽ സമാപനമായി. തൊടുപുഴയിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും കൂട്ടത്തോടെയെത്തിയ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികൾ അഭിമന്യുവിന്റെ രക്തസാക്ഷി സ്മരണയ്ക്ക‌് പ്രണാമം അർപ്പിച്ച് തൊടുപുഴ നഗരസഭാ മൈതാനത്തെ പന്തലിൽ ഒത്തുചേർന്നു. നിലയ്ക്കാതെ പെയ്ത മഴയും കൊടിയ തണുപ്പും അവഗണിച്ച് അവർ സംഘടിപ്പിച്ച പ്രക്ഷോഭം വർഗീയതയുടെ വിഷനാമ്പുകൾ കിളിർപ്പിക്കാനുള്ള ഒരു ഫാസിസ്റ്റ‌് നീക്കവും പ്രബുദ്ധയൗവനം അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കി.
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ മൈതാനത്ത് പ്രത്യേക പന്തലിലായിരുന്നു വിദ്യാർഥികളുടെ നേതൃത്വത്തിൽ 24 മണിക്കൂർ ധർണ. വ്യാഴാഴ്ച ഉച്ചക്കുശേഷം സമരത്തിന് സമാപനം കുറിച്ച് ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് തേജസ് കെ ജോസ് അധ്യക്ഷനായി.
അഭിമന്യുവിന്റെ സ്മരണാർഥം വട്ടവടയിൽ സ്ഥാപിക്കുന്ന ലൈബ്രറിക്ക് ഗ്രന്ഥശാലാസംഘം സംസ്ഥാന എക്സിക്യൂട്ടീവംഗം കെ എം ബാബു 50 പുസ്തകങ്ങൾ നൽകി. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരവളണ്ടിയർമാരെ അഭിവാദ്യം ചെയ്തു. തൊടുപുഴ നഗരസഭാധ്യക്ഷ മിനി മധു, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആർ സോമൻ, ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി, കെ കെ ഷിംനാസ്, ഡോ. വി ബി വിനയൻ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്ണേന്ദു സ്വാഗതവും സംഘാടകസമിതി കൺവീനർ വിനു കെ ജോസ് നന്ദിയും പറഞ്ഞു.









0 comments