സിപിഐ എം ജനകീയ പ്രതിഷേധ കൂട്ടായ്‌മ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2018, 07:41 PM | 0 min read

ഇടുക്കി
നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള എസ്‌ഡിപിഐയുടെ ശ്രമങ്ങളെ തുറന്നു കാണിക്കാനും മതനിരപേക്ഷത ഉയർത്തി വർഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ചൊവ്വാഴ്‌ച ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം ജനകീയ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. എറണാകുളം മഹാരാജാസ്‌ കോളേജിലെ ഡിഗ്രി വിദ്യാർഥിയായ അഭിമന്യുവിനെ നിഷ്‌ഠൂരമായാണ്‌ എസ്‌ഡിപിഐക്കാർ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ വ്യാപിപ്പിക്കാനാണ്‌ എസ്‌ഡിപിഐ ശ്രമം. പാർടി പ്രവർത്തകരായ ഒമ്പതുപേരെയാണ്‌ ഇതിനകം ഇവർ കൊലപ്പെടുത്തിയത്‌. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവം കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചു. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ സംഘടിക്കണമെന്ന ചിന്ത വളർത്തി വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐ ശ്രമിക്കുന്നത്‌. ആർഎസ്‌എസും ഇതേ രൂപത്തിലുള്ള പ്രവർത്തനമാണ്‌ സംഘടിപ്പിക്കുന്നത്‌. ഒരു നാണയത്തിന്റെ ഇരുവശമാണ്‌ രണ്ട്‌ കൂട്ടരും. കലാലയത്തിന്റെ ശത്രുവായി പ്രവർത്തിക്കുന്ന സംഘടനയാണ‌് ക്യാമ്പസ്‌ ഫ്രണ്ട്‌. വിദ്യാർഥി രംഗത്തുനിന്നും ഒറ്റപ്പെട്ട ഇവർ പല രൂപത്തിലുള്ള സംഘടന രൂപീകരിച്ച്‌ വർഗീയ ശക്തികളുടെ കീഴിൽ അണിനിരത്താനാണ്‌ ശ്രമിക്കുന്നത്‌. വർഗീയ ചേരിതിരിവിന‌് എസ്‌എഫ്‌ഐയുടെ സ്വാധീനമാണ്‌ തടസ്സമെന്നുള്ളതുകൊണ്ടാണ‌് പ്രവർത്തകരെ കൊലപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ വിദ്യാർഥികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളുമായാണ്‌ ക്യാമ്പസ‌് ഫ്രണ്ട‌് രംഗത്തിറങ്ങിയിരിക്കുന്നത്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്‌ നേരെയാണ്‌ മതതീവ്രവാദികൾ കത്തി താഴ്‌ത്തുന്നത്‌. വർഗീയത ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ ചിന്താഗതിക്കാർ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തും. തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്താൻ കേരള സമൂഹത്തെ സജ്ജമാക്കാൻ സഹായകമായ വിധത്തിലുള്ള പ്രതിഷേധവും ബോധവൽക്കരണ പ്രവർത്തനവും സംഘടിപ്പിക്കും. 
     ഇതിന്റെ ഭാഗമായി  വണ്ടിപ്പെരിയാറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്‌മ മന്ത്രി എം എം മണിയും വട്ടവട കൊട്ടക്കൊമ്പൂരിലും അടിമാലിയിലും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും കരിമണ്ണൂരിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും ഉദ‌്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ‌് രാജൻ ഉപ്പുതറയിലും പി എൻ വിജയൻ ഇടുക്കിയിലും സി വി വർഗീസ‌് തൊടുപുഴയിലും കെ വി ശശി മൂന്നാറിലും കെ എസ‌് മോഹനൻ കട്ടപ്പനയിലും വി എൻ മോഹനൻ പൂപ്പാറയിലും വി വി മത്തായി മൂലമറ്റത്ത‌ും ആർ തിലകൻ  തൂക്കുപാലത്തും പ്രതിഷേധ കൂട്ടായ്‌മ ഉദ‌്ഘാടനം ചെയ്യും.   


deshabhimani section

Related News

View More
0 comments
Sort by

Home