പ്ലാന്റേഷൻ കൈയേറി ഷെഡ്ഡുകൾ നിർമിച്ചു; ആദിവാസികൾ അറസ്റ്റിൽ

ഇടുക്കി
പെരിഞ്ചാംകുട്ടി തേക്ക്‐ മുള പ്ലാന്റേഷൻ കൈയേറി ഷെഡ്ഡുകൾ നിർമിച്ച ആദിവാസികളെ പൊലീസ് സേനയുടെ സഹായത്തോടെ വനപാലകർ അറസ്റ്റ് ചെയ്തു. കാട്ടാനകളുടെ ആക്രമണത്തിൽ 17 ൽ പരം ആദിവാസികൾ മരിക്കാനിടയായ സാഹചര്യത്തിൽ ചിന്നക്കനാൽ സിങ്കുകണ്ടം കോളനിയിൽ നിന്നും പ്രാണരക്ഷാർഥം 2009ൽ പെരിഞ്ചാംകുട്ടി വനമേഖലയിൽ കുടിൽ കെട്ടി അഭയം പ്രാപിച്ച ആദിവാസികളിൽ 19 കുടുംബങ്ങൾ ഒഴികെയുള്ളവരെ സർക്കാർ കുടിയൊഴിപ്പിച്ചിരുന്നു. നിലനിർത്തിയിരുന്ന 19 പേർ ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് ഭൂമി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഏഴ‌് ആദിവാസികൾ പെരിഞ്ചാംകുട്ടി പ്ലാന്റേഷനിൽ കുടിൽ കെട്ടിയത്. ഇവർ പ്ലാസ്റ്റിക് ഷീറ്റുകളും കമ്പുകളും മറ്റും ഉപയോഗിച്ച് താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകളാണ് പൊലീസ് സഹായത്തോടെ വനപാലകർ നീക്കം ചെയ്തത്. സൂര്യൻ ചക്കൻ, റെജു ജോൺസൺ, ബിജു കൃഷ്ണൻ, ജോർജ് ഐസക്, ഗോപാലൻ നാഗൻ, സജി കൃഷ്ണൻ, അഴകൻപൂലൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. അടിമാലി ഡെപ്യൂട്ടി റേഞ്ചോഫീസർ കെ സുരേഷ്, വെള്ളത്തൂവൽ എസ‌്ഐ എസ‌് ശിവലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദിവാസികളെ അറസ്റ്റ് ചെയ്തത്. നേര്യമംഗലം റേഞ്ച് ഓഫീസർ അരുൺ നായർ, മൂന്നാർ ഡിവൈഎസ‌്പി സുനീഷ് ബാബു, ഇടുക്കി തഹസീൽദാർ എസ‌് ശ്രീജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അറസ്റ്റു ചെയ്തവരെ കോടതിയിൽ ഹാജരാക്കണമെന്ന് വനവാസികൾ ആവശ്യപ്പെട്ടു.









0 comments