സജിയുടെ സ്വപ്‌നങ്ങൾ ‘ആകാശത്തോളം’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 01:37 AM | 0 min read

 തൊടുപുഴ

ആ​ഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ച്  സ്വന്തമായി വിമാനം നിർമിച്ച തട്ടക്കുഴ സ്വദേശി സജി തോമസിന് സംസ്ഥാന ഭിന്നശേഷി പുരസ്‍കാരവും. വെള്ളിയാഴ്‍ച മന്ത്രി ആർ ബിന്ദുവാണ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്ക് സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‍കാരം പ്രഖ്യാപിച്ചത്. സംസാര–കേൾവി പരിമിതിയുള്ള സജി 10 വർഷം മുമ്പാണ് സ്വന്തമായി വിമാനം നിർമിച്ച് പറത്തിയത്. 
സജിക്ക് ഏഴാംക്ലാസ് പഠനമാണുള്ളത്. എന്നിട്ടും മൈക്രോലൈറ്റ് എയർക്രാഫ്റ്റ് സ്വന്തമായി നിർമിച്ച രാജ്യത്തെ ഭിന്നശേഷിയുള്ള ആദ്യത്തെ വ്യക്തിയെന്ന ഖ്യാതി നേടി. 2014 ഏപ്രിൽ 10ന് എയർഫോഴ്‌സിലെ റിട്ട. വിങ് കമാൻഡർ എസ്‍ കെ ജെ നായർ തമിഴ്‍നാട്ടിലെ തിരുനൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിൽ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു. ഏഴുവർഷം പരിശ്രമിച്ചാണ് സജി വിമാനം നിർമിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നിർമാണത്തെ ബാധിച്ചിരുന്നു. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്‍ട്രീഷ്യൻ ജോലിചെയ്തും റബർ കൃഷിയിലെ വരുമാനം ഉപയോഗിച്ചുമാണ് വിമാനത്തിനുള്ള യന്ത്രങ്ങൾ വാങ്ങിയത്. ഇന്റർനെറ്റും പുസ്‍തകങ്ങളും സംശയങ്ങൾ ഇല്ലാതാക്കി. 
ഭാര്യ മരിയയും മകൻ ജോഷ്വയുമാണ് സജിയുടെ കരുത്ത്. 25,000 രൂപയാണ് പുരസ്‍കാര തുക. 2014 ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‍സിൽ ഇടം നേടിയിരുന്നു. 
നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ രജിസ്റ്ററിലും പേരുംചേർത്തു. നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ അം​ഗീകാരവും തേടിയെത്തി. സജിയുടെ ജീവിതത്തെ ആസ്‍പദമാക്കി വിമാനം, എബി എന്നീ മലയാള ചിത്രങ്ങൾ നിർമിച്ചിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home