തിന്നാനും കുടിക്കാനും ‘കട്ടൻസ്‌’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 01:00 AM | 0 min read

 കരിമണ്ണൂർ

‘കട്ടൻസ്‌’ ടീ ഷോപ്പ് ആൻഡ് ഷേയ്‍ക്ക് പാർലർ. പേരിങ്ങനെയാണെങ്കിലും ചായ, ഷേക്ക്, ലൈം, ജ്യൂസ് തുടങ്ങിയവയുടെ ‘ഹോൾസെയ്‍ൽ’ ആണ് കട്ടൻസിൽ, അത്രയേറെ വെറൈറ്റികൾ. സാധാരണ ചായമുതൽ ജിഞ്ചർ, ഏലക്കാ, മിൽക്ക്‌, ബൂസ്‌റ്റ്‌, ഹോർലിക്‌സ്‌, ഗ്രീൻ ടീ തുടങ്ങി നിരവധി ചായകൾ. കരിമണ്ണൂർ ​ഗവ. യുപി സ്‍കൂളിന് സമീപമാണ് പുത്തൻപുരയിൽ രവീൺ ഒരുക്കുന്ന രുചിഭേദങ്ങളുടെ കട്ടൻസ്‍. പഠനശേഷം ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന രവീണിന്‌ കരിമണ്ണൂരിലും ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന തരത്തിൽ ഭക്ഷണശാല തുടങ്ങണമെന്ന ആശയമാണ്‌ ‘കട്ടൻസിൽ’ എത്തിയത്‌. 
സോഡാ ലൈം മുതൽ മുന്തിരി, ഓറഞ്ച്‌, ജിഞ്ചർ, പൈനാപ്പിൾ തുടങ്ങിയ ലൈം വെറൈറ്റീസ്. തണ്ണിമത്തൻ മുതൽ അനാർവരെ 15ഓളം ജ്യൂസുകൾ. വിവിധയിനം പഴങ്ങൾ ചേർത്തുള്ള ഷെയ്‌ക്കുകൾക്ക് പുറമേ ഷാർജ, ബദാം, നട്ട്‌സ്‌, ഈന്തപ്പഴം എന്നിവ ചേർത്തുള്ള അറേബ്യൻ ഷെയ്‌ക്കുകളും കിട്ടും. ഐസ്‌‍ക്രീം ഷെയ്‌ക്കുകളുടെ നീണ്ടനിരയുമുണ്ട്‌. ഫ്രൂട്ട്‌ സലാഡ്‌, ഫലൂഡ എന്നിവയുടെ വൈവിധ്യങ്ങളും കട്ടൻസിലുണ്ട്. കോഫി വിത്ത്‌ ഐസ്‌ക്രീം കഴിക്കാനും ആളുകളെത്തുന്നു. എല്ലാത്തരം ചെറുകടികളും കട്ടൻസിൽ കിട്ടും. 
കടയിലെ ഇരിപ്പിടങ്ങൾക്കും മേശകൾക്കുമുണ്ട് വ്യത്യസ്‍തത. 20 ലിറ്ററിന്റെ പെയ്‍ന്റ്‌ ഡ്രം മിനുക്കി പെയിന്റടിച്ച്‌ കുഷ്യനിട്ടാണ്‌ ഇരിപ്പിടം. വീട്ടിലെ ഉപയോഗ ശൂന്യമായിക്കിടന്ന കട്ടിൽ മോഡിയാക്കി അതിനുമുകളിൽ ചില്ലിട്ടാണ്‌ മേശ തയ്യാറാക്കിയത്‌. ടിഷ്യു പേപ്പർ നിറച്ചിട്ടുള്ളത്‌ ചെത്തി മിനുക്കിയെടുത്ത ഈറ്റ കുഴലിൽ. ഉപേക്ഷിച്ച ബിയർ കുപ്പികളിലാണ്‌ കടയിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നത്. രാവിലെ 10മുതൽ രാത്രി 10വരെയാണ്‌ പ്രവർത്തനം. സന്ധ്യ മയങ്ങുന്നതോടെ കട്ടൻസിനുമുന്നിൽ തട്ടുകടയും പ്രവർത്തനം ആരംഭിക്കും. നല്ല ചൂടൻ ദോശയും മുട്ട ഓംലറ്റുമാണ്‌ സ്‍പെഷ്യൽ.


deshabhimani section

Related News

View More
0 comments
Sort by

Home