നാടുകാണാൻ പോരുന്നോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:25 AM | 0 min read

മൂലമറ്റം
"നാടുകാണിച്ചുരത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടെന്‍ നാടുകാണാന്‍ വരുമോ നീ തത്തമ്മേ’ എന്ന ചലച്ചിത്രഗാനത്തിൽ പറയുന്നതുപോലെ നാടുകാണാൻ നാടുകാണിയെക്കാൾ മികച്ച ഇടങ്ങളില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ‘നാടുകാണാൻ’ കഴിയുന്ന വ്യൂ പോയിന്റുകളെ നാടുകാണിയെന്ന്‌ വിളിക്കാറുണ്ട്‌. അങ്ങനൊരു ഗംഭീര നാടുകാണി ഇവിടെയുമുണ്ട്‌, തൊടുപുഴ–പുളിയൻമല സംസ്ഥാന പാതയിൽ. മുട്ടത്തുനിന്ന് ഇടുക്കി റൂട്ടിൽകയറി 12 ഹെയർപിൻ വളവുകൾ പിന്നിട്ടാൽ ഇവിടെയെത്താം. കുളമാവ് അണക്കെട്ടിന്‌ നാലു കിലോമീറ്റർ മുമ്പിലാണ്‌ നാടുകാണി പവിലിയൻ സ്ഥിതിചെയ്യുന്നത്‌. റോഡിൽനിന്ന് 300 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് വ്യൂ പോയിന്റ്. പ്രവേശന കവാടംവരെ വാഹനങ്ങൾ എത്തും.
കണ്ണിന് വിരുന്നേകും കാഴ്‌ചകൾ
വ്യൂ പോയിന്റ് സഞ്ചാരികൾക്കായി ഒരുക്കുന്ന കാഴ്ചകൾ പലതാണ്. മലമുകളിൽനിന്ന് ദൂരേയ്ക്കു നോക്കുമ്പോൾ പച്ചപ്പ് പുതച്ചുനിൽക്കുന്ന മൊട്ടക്കുന്നുകൾ, കണ്ണുചിമ്മുമ്പോൾ സൂര്യപ്രകാശവും കോടമഞ്ഞും മാറിമാറി വരും. മഞ്ഞിന്റെയും അരിച്ചിറങ്ങുന്ന സൂര്യവെളിച്ചത്തിന്റെയും ഫലമായി നിറംമാറുന്ന കുന്നുകളാണ് ഇവിടുത്തെ സവിശേഷത. നല്ല കട്ടിപ്പച്ചയിൽ ആറാടിനിൽക്കുന്ന മരങ്ങൾ പെട്ടെന്ന് നീലകലർന്ന പച്ചയിലേക്കും ഇളംപച്ചയിലേക്കും നിറംമാറിക്കളയും. മലങ്കര അണക്കെട്ടും വൃഷ്ടിപ്രദേശവുമൊക്കെയായി പ്രകൃതിയുടെ സൗന്ദര്യമാകെ ഒരൊറ്റ ഇടത്തിലേക്ക്‌ ആവാഹിക്കപ്പെടുന്നു. മൂലമറ്റം പവർഹൗസും കാടിനെ വരിഞ്ഞുമുറുക്കിക്കെട്ടിയതുപോലെ തോന്നിക്കുന്ന പെൻസ്റ്റോക്ക് പൈപ്പുകളുമെല്ലാം ഇവിടെ നിന്നാൽ കാണാനാകും. ചിലപ്പോൾ അടുത്തുനിൽക്കുന്ന ആളെപ്പോലും കാണാനാവാത്തവിധം മഞ്ഞുവന്ന് പൊതിയും. കൂടാതെ കുട്ടികൾക്കായി പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
കാഴ്ചയുടെ 
കിളിവാതിൽ
ഇടുക്കിയിലെ വിദൂരദൃശ്യ ഭംഗിയിലേക്ക്‌ കിളിവാതിൽ തുറന്നുവച്ചപോലാണ് വ്യൂ പോയിന്റ്. കുളമാവ്‌, ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെയൊക്കെ കാഴ്‌ചകളിലേക്ക്‌ സഞ്ചരിക്കുന്നവർക്ക്‌ പറ്റിയ ഒരിടത്താവളമാണ്‌ ഇത്‌. യാത്രയ്ക്കിടയിലെ കുറച്ചുനേരങ്ങൾ മഞ്ഞും കാറ്റും അനുഭവിച്ച്‌, ദൂരക്കാഴ്ചകളുടെ സൗന്ദര്യം ആസ്വദിച്ച്‌ മനസ്സും ശരീരവും ഫ്രഷാക്കി യാത്രതുടരാം. ഹൈഡൽ ടൂറിസം വകുപ്പിനാണ് പവിലിയന്റെയും വ്യൂ പോയിന്റിന്റെയും ചുമതല. രാവിലെ എട്ട്‌ മുതൽ വൈകിട്ട് എട്ട്‌ വരെയാണ്‌ പ്രവേശനം. മുതിർന്നവർക്ക്‌ 25 രൂപയും കുട്ടികൾക്ക്‌ 15 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.


deshabhimani section

Related News

View More
0 comments
Sort by

Home