നാടൻ രുചിയുടെ സു​ഗന്ധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 11:29 PM | 0 min read

രാജാക്കാട്
ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും ചോദിച്ചെത്തുമ്പോഴേ അറിയാം, എന്തോ സ്‍പെഷ്യല്‍ ഇവിടെയുണ്ടെന്ന്. പറഞ്ഞ് കേട്ടും ആളെത്തി തുടങ്ങിയതോടെ ഉറപ്പായി. അന്വേഷിച്ചപ്പോ സം​ഗതി ശരിയാ. നാടൻ രുചി തന്നെയാണ് സ്‍പെഷ്യല്‍. നമ്മെ വിട്ടകലുന്ന നാടൻരുചി നാവിന്‍ തുമ്പിലെത്തിക്കുകയാണ് രാജാക്കാട് കാഞ്ഞിരക്കാട്ട് സു​ഗന്ധി. പൊറോട്ട, പിടി, കള്ളപ്പം. പൊറോട്ടാന്നൊക്കെ പറഞ്ഞ സോഫ്റ്റ് പൊറോട്ട. രാസവസ്‍തുക്കളൊന്നുമില്ല. മൈദ, ഉപ്പ്, പഞ്ചസാര, എണ്ണ. ഇത്രമാത്രം. കറികളാണേല്‍ കോഴി, പോത്ത്, പന്നി തുടങ്ങി വിവിധയിനം ഇറച്ചികള്‍...തീര്‍ന്നില്ല, പലതരം പായസങ്ങള്‍, ഇലയട, അരിയുണ്ട, അച്ചാറുകള്‍...നിരയിങ്ങനെ നീളും. മീനച്ചാറിനും കരിനെല്ലിക്കയ്‍ക്കും ഫാന്‍സേറെ. 
മേലേചിന്നാര്‍ സ്വദേശിനിയായ സു​ഗന്ധിക്ക് കൈപ്പുണ്യം പാരമ്പര്യമാണ്. സു​ഗന്ധിയുടെ അമ്മൂമ്മയും അപ്പൂപ്പനും ഹോട്ടല്‍ നടത്തിയിരുന്നു. ഇത് ചെറുമകളിലേക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ട്. ചെറിയതോതില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയിലാണ് സു​ഗന്ധി ഭക്ഷണം തയാറാക്കി നല്‍കാൻ തുടങ്ങിയത്. കഴിച്ചവര്‍ വീണ്ടും ചോദിച്ചെത്തുകയും പലരോട് പറയുകയും ചെയ്‌തു. കഴിഞ്ഞ വർഷം രാജാക്കാട് സഹകരണ ബാങ്ക് നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഡോക്‍ടർമാർക്ക് ഒരുക്കിയത് സു​ഗന്ധിയാണ്. കാരിത്താസ് ആശുപത്രി ഡയറക്ടർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ആത്മവിശ്വാസം കൂട്ടി. ഇപ്പോള്‍ പ്രത്യേക ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമെല്ലാം ആളുകളുടെ എണ്ണം പറഞ്ഞാല്‍ അതനുസരിച്ച് തയ്യാറാക്കി നല്‍കും. രാജാക്കാട് ആയുര്‍വേദ മരുന്നുകട നടത്തുന്ന ഭര്‍ത്താവ് അഭിലാഷ്, ഇദ്ദേഹത്തിന്റെ അമ്മ റിട്ട. അധ്യാപിക ലീല, മക്കളായ ദേവിക, ദേവ്‍ന എന്നിവര്‍ പൂര്‍ണ പിന്തുണയുമായി സു​ഗന്ധിക്കൊപ്പമുണ്ട്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home